തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറുമായുള്ള ഫോണ്‍സംഭാഷണത്തില്‍ എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനെതിരേ ഗുരുതരപരാമര്‍ശം നടത്തിയ പത്തനംതിട്ട എസ്.പി. സുജിത് ദാസിനെതിരെ കടുത്ത നടപടിയുണ്ടാവില്ല. എസ്.പിക്കെതിരായ നടപടി വകുപ്പുതല അന്വേഷണത്തില്‍ മാത്രം ഒതുങ്ങും. സംഭാഷണം പുറത്തുവന്ന് വിവാദമായതിന് പിന്നാലെ തിരക്കിട്ട ചര്‍ച്ചകളാണ് പോലീസ് ആസ്ഥാനത്ത് നടന്നത്.
മൂന്നുദിവസത്തേക്ക് അവധിയില്‍ പോയ സുജിത് ദാസിനെ പത്തനംതിട്ടയില്‍ തന്നെ പ്രവേശിക്കുമോ, മറ്റെവിടേക്കെങ്കിലും മാറ്റുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സസ്പെന്ഷന് പോലുള്ള കടുത്ത നടപടി വേണ്ടെന്നാണ് ധാരണയെന്നാണ് സൂചന. സുജിത് ദാസിനെതിരെ കടുത്ത നടപടി വേണമെന്ന് എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് പോലീസ് ആസ്ഥാനത്ത് നടന്ന ചര്‍ച്ചകളില്‍ അദ്ദേഹം ഈ ആവശ്യത്തില്‍നിന്ന് പിന്നോട്ടുപോയെന്നാണ് വിവരം.
തിരുവനന്തപുരത്ത് എത്തിയ സുജിത് ദാസ് അജിത് കുമാറിനെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. പോലീസ് തലപ്പത്തെ അസ്വാരസ്യം സര്‍ക്കാരിനും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.ക്കെതിരേ ജില്ലാ പോലീസ് മേധാവി ഇത്തരത്തില്‍ പ്രതികരിക്കുന്ന സംഭവം ആദ്യമാണ്.
മലപ്പുറം എസ്.പിയായിരിക്കെ ക്യാമ്പ് ഓഫീസില്‍നിന്നു മരങ്ങള്‍ മുറിച്ചുകടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് എസ്.പി, പി.വി. അന്‍വര്‍ എം.എല്‍.എയെ ബന്ധപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. മരംമുറിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.എല്‍.എ. രംഗത്തെത്തിയിരുന്നു. എം.എല്‍.എയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന തരത്തിലാണ് പുറത്തുവന്ന സംഭാഷണം. എ.ഡി.ജി.പിയെ കുറ്റപ്പെടുത്തുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വിശ്വസ്തനായതുകൊണ്ടാണ് എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍ സേനയില്‍ ശക്തനായതെന്ന് ശബ്ദരേഖയില്‍ പരാമര്‍ശമുണ്ട്. 25 വര്‍ഷത്തെ സര്‍വീസ് ഉണ്ടെന്നും അത്രയുംകാലം താന്‍ എം.എല്‍.എയോട് കടപ്പെട്ടിരിക്കുമെന്നും പറയുന്നുണ്ട്.