കോഴിക്കോട്: മുഖ്യമന്ത്രി അടക്കമുള്ളവർ സഞ്ചരിച്ച ബസെന്ന് കൊട്ടിഘോഷിച്ച് സർവീസ് ആരംഭിച്ച നവകേരള ബസ് ഒരുമാസമായി കട്ടപ്പുറത്ത്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ സർവീസ് മുടങ്ങി. ജൂലായ് 21നാണ് അവസാനമായി നവകേരള ബസ് സർവീസ് നടത്തിയത്.
നിലവിൽ കോഴിക്കോട് കെഎസ്ആർടിസി റീജണൽ വർക്ക് ഷോപ്പിൽ കട്ടപ്പുറത്ത് പൊടിപിടിച്ച് കിടക്കുകയാണ് നവകേരള ബസ്. അറ്റകുറ്റപ്പണിക്കാണ് ബസ് വർക്ക് ഷോപ്പിൽ എത്തിച്ചത്. ശുചിമുറി ഒഴിവാക്കി സീറ്റ് വയ്ക്കുന്നതടക്കമുള്ള അറ്റകുറ്റപ്പണികളാണ് ബസിൽ നടക്കുന്നതെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിർദേശം കോഴിക്കോട് ഡിപ്പോ അധികൃതർക്ക് ലഭിച്ചിട്ടില്ല. ഓണക്കാലം ആകുമ്പോഴേക്കും ബസിന് സർവീസ് നടത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോ അധികൃതർ വ്യക്തമാക്കുന്നു.
എയർകണ്ടിഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും.
നവകേരള യാത്രയ്ക്ക് ഉപയോഗിച്ച സമയത്തുള്ള നിറത്തിലോ ബോഡിയിലോ മാറ്റം വരുത്താതെയാണ് ബസ് സർവീസ് ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റാക്കിയിരുന്നു. കോഴിക്കോട് – ബംഗളൂരു റൂട്ടിൽ കെ എസ് ആർ ടി സി എ സി ബസ് കുറവായതിനാൽ സർവീസ് യാത്രക്കാർക്ക് ഏറെ സഹായകമാവുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ ബംഗളൂരുവിലെത്തി ഉച്ചയ്ക്ക് 2.30ന് തിരിച്ച് പോരുന്ന രീതിയിലാണ് സർവീസ് സമയക്രമം. ഉയർന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവുമാണ് നവകേരള ബസിൽ നിന്ന് യാത്രക്കാരെ അകറ്റിയതെന്നാണ് വിലയിരുത്തൽ.