മുംബൈ: മുംബൈയില്‍ പോക്സോ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ബദ്ലാപുര് സംഭവത്തിനുശേഷം മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത് 121 പോക്സോ കേസുകളാണ്. ഓഗസ്റ്റ് 20-നായിരുന്നു ബദ്ലാപുരില് നഴ്സറി കുട്ടികള്‍ പീഡനത്തിനിരയായത്.
സംഭവത്തില്‍ സ്കൂള്‍ ജീവനക്കാരന് അറസ്റ്റിലായി. ജനുവരിയില്‍ 93 കേസുകളും ഫെബ്രുവരിയില്‍ 81 കേസുകളും മാര്‍ച്ചില്‍ 123 കേസുകളും റിപ്പോര്‍ട്ടുചെയ്തിരുന്നു. ഏപ്രിലില്‍ (100), മേയ് (83) കേസുകളും രജിസ്റ്റര്‍ ചെയ്തു. ജൂണ്‍, ജൂലായ് മാസങ്ങളിലെ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ല.
ബദ്ലാപുര് ലൈംഗികാതിക്രമ കേസ് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. കുട്ടികള്‍ക്കെതിരേ നടക്കുന്ന പീഡനകേസുകള്‍ കൈകാര്യംചെയ്യുന്നതിലും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നതിലും അധികൃതരുടെ അനാസ്ഥയെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പോക്സോ കേസുകള്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ കൈകാര്യംചെയ്യാനും എഫ്.ഐ.ആറുകള്‍ വേഗത്തില്‍ രജിസ്റ്റര്‍ചെയ്യാനും മുംബൈ പോലീസിന് നിര്‍ദേശംലഭിച്ചിട്ടുണ്ട്.
ബദ്ലാപുര് സംഭവത്തെത്തുടര്‍ന്ന് ഇത്തരം കുറ്റകൃത്യങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ടുചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിച്ചത് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
ബദ്ലാപുര് കേസ് തീര്‍ച്ചയായും കാര്യമായ സ്വാധീനംചെലുത്തിയതായി സംസ്ഥാന പോലീസ് ആസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടു. മുംബൈ, താനെ, നവിമുംബൈ, മീരാഭയന്ദര്‍ വസായ് വിരാര്‍ (എം.ബി.വി.വി.) എന്നീ പോലീസ് കമ്മിഷണറേറ്റുകളില്നിന്നാണ് ഇപ്പോള്‍ കുട്ടികളുടെ ലൈംഗികപീഡനക്കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്.