ചെന്നൈ: ബലാത്സംഗത്തിനിരയായ പത്തുവയസുകാരിയുടെ മാതാപിതാക്കളെ പൊലീസ് മർദിച്ചതായും സ്റ്റേഷനിൽ തടഞ്ഞ് വെച്ചതായും പരാതി. കുട്ടി ലൈംഗികാതിക്രമത്തിനിരയായ പരാതി പറയാൻ ചെന്ന രക്ഷിതാക്കളെ പൊലീസ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും മണിക്കൂറുകളോളം സ്റ്റേഷനിൽ തടഞ്ഞ് വെക്കുകയുമായിരുന്നു.
ആഗസ്റ്റ് 30ന് സ്കൂൾ കഴിഞ്ഞ് വരുമ്പോൾ മകളിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ച കുട്ടിയുടെ അമ്മ എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് പെൺകുട്ടിയെ ഒരു പ്രാദേശിക ക്ലിനിക്കിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെയുള്ള ഡോക്ടർമാർ ലൈംഗിക പീഡനം സംശയിക്കുകയും കുട്ടിയെ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
സർക്കാർ ആശുപത്രിയിൽ കുട്ടി ലൈംഗിക പീഡനത്തിനിരയായിരുന്നെന്ന് കണ്ടെത്തി. എന്നാൽ അമ്മ ഈ വിവരം ആദ്യം പിതാവിൽ നിന്ന് മറച്ച് വെക്കുകയായിരുന്നു. പിന്നീട് കൂടുതൽ ചികിത്സക്കായി കുഞ്ഞിനെ ആശുപത്രയിൽ കൊണ്ടുപോകുന്ന വേളയിൽ ഭർത്താവിനോട് പറയുകയും ചെയ്തു.
കുട്ടിയുടെ വീട്ടിൽ ജലവിതരണം ചെയ്യാനെത്തുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് പ്രതിയെന്ന് കുട്ടി അമ്മയോട് പറയുകയായിരുന്നു. ജലവിതരണക്കാരനായ സതീഷ് എന്ന പതിനാലുകാരനാണ് തന്നെ ആക്രമിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി. ഏഴ് ദിവസത്തിനിടെ നിരവധി തവണ സതീഷ് തന്നെ പീഡിപ്പിച്ചെന്നും പീഡനവിവരം പുറത്ത് പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി അമ്മയോട് പറഞ്ഞു.
അമ്മയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് സംഘം ആശുപത്രിയിൽ എത്തുകയും കുഞ്ഞിനേയും മെഡിക്കൽ സ്റ്റാഫിനെയും ചോദ്യം ചെയ്യുകയും ചെയ്തു. ഒരു എൻ.ജി.ഒ പ്രവർത്തകൻ റെക്കോർഡുചെയ്തതായി കരുതപ്പെടുന്ന വീഡിയോ പുറത്തുവന്നതോടെയാണ് കുട്ടിയുടെ കുടുംബം നേരിട്ട അനീതി പുറംലോകം അറിഞ്ഞത്. നിർമാണത്തൊഴിലാളിയായ പെൺകുട്ടിയുടെ പിതാവ്, പൊലീസ് ഉദ്യോഗസ്ഥർ തന്നെ ശാരീരികമായി ആക്രമിക്കുകയും തന്നോട് അനീതി കാണിക്കുകയും ചെയ്തുവെന്ന് വീഡിയോയിൽ പറഞ്ഞു.
ഉദ്യോഗസ്ഥർ തൻ്റെ ഭാര്യയുടെ പെരുമാറ്റം ചോദ്യം ചെയ്യുകയും തനിക്കെതിരെ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു. ‘എൻ്റെ ഭാര്യയുടെ പെരുമാറ്റത്തെക്കുറിച്ച് അവർ ചോദ്യങ്ങൾ ഉന്നയിക്കുകയും എനിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു,’ പിതാവ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അമ്മയും പൊലീസ് തന്നെ ആക്രമിക്കുകയും തൻ്റെ സ്വഭാവത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും ചെയ്തെന്ന് പറയുന്നുണ്ട്.
എന്നാൽ ആരോപണങ്ങളോട് പ്രതികരിച്ച് പൊലീസും രംഗത്തെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള പ്രായപൂർത്തിയാകാത്തയാളെ സെപ്റ്റംബർ ഒന്നിന് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിഎന്നും പൊലീസ് പറഞ്ഞു. സതീഷിനെതിരെയുള്ള തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ പ്രത്യക്ഷത്തിൽ സതീഷിനെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസവും കേസ് കൈകാര്യം ചെയ്യുന്നതിലെ നടപടിക്രമങ്ങളിലെ വീഴ്ചയും സംബന്ധിച്ച വാദങ്ങളും പോലീസ് നിഷേധിച്ചു. ആഗസ്റ്റ് 31 ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെയും ശിശുക്ഷേമ സമിതിയെയും കേസ് അറിയിച്ചിട്ടുണ്ടെന്നും ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിക്ക് മനഃശാസ്ത്രപരമായ കൗൺസിലിങ് നൽകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.