തൃശ്ശൂര്‍: വ്യവസായങ്ങള്‍ക്കും കരകൗശലനിര്‍മാണത്തിനും പേരുകേട്ട ഹരിയാണയിലെ നൂഹ് ജില്ല. ഇവിടത്തെ ചെറിയ ഗ്രാമമായ മേവാത് അറിയപ്പെടുന്നതാകട്ടെ രാജ്യത്തെ മുള്‍മുനയില്‍നിര്‍ത്തിയ മോഷണങ്ങളുടെ പേരിലും. ഇവിടെനിന്നുള്ള കൊള്ളക്കാരുടെ സംഘമായ ‘മേവാത് ഗാങ്’ കുറെക്കാലമായി പോലീസ് സേനകള്‍ക്ക് തലവേദനയാണ്. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് വന്‍മോഷണങ്ങള്‍ ആസൂത്രണംചെയ്യുന്ന സംഘത്തെ പൂട്ടാന്‍ പലപ്പോഴും പോലീസ് വിയര്പ്പൊഴുക്കേണ്ടിവരുന്നുണ്ട്.
തുടങ്ങിയാല്‍ തീര്‍ക്കണം, അതാണ് മേവത് ഗാങ്ങിന്റെ രീതി. കൊള്ളയായാലും കൊലപാതകമായാലും നൂറുശതമാനം ‘പ്രൊഫഷണല്‍’ സമീപനം. രാജസ്ഥാന്-ഹരിയാണ അതിര്‍ത്തിയിലെ ചില ഗ്രാമങ്ങളിലെ യുവാക്കളും സംഘത്തിനൊപ്പമുണ്ട്. പോലീസിനെയും സുരക്ഷാസംവിധാനങ്ങളെയും വിദഗ്ധമായി കബളിക്കാന്‍ വിരുതന്മാര്. സാങ്കേതികവിദ്യയും കൈക്കരുത്തും ഒരുപോലെ പ്രയോഗിക്കും.
മോഷണത്തിന്റെ ‘പാഠശാല’
എന്‍ജിനിയര്‍മാര്‍മുതല്‍ ബോഡി ബില്ഡര്മാര്വരെ സംഘത്തിന്റെ ഭാഗം. ഭൂരിഭാഗംപേരും യുവാക്കള്‍. കാണുന്നയിടത്തൊക്കെ കയറി മോഷണം നടത്തുന്ന രീതിയൊന്നും ഇവര്‍ക്കില്ല. മോഷണത്തിന്റെ ‘പാഠശാല’തന്നെ സംഘത്തിനുണ്ട്. ഇവിടെ നിരന്തരം ‘ട്യൂഷന്’ ക്ലാസും നടക്കും. സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നും ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കാമെന്നുമെല്ലാം പരിശീലിപ്പിക്കും. തൃശ്ശൂരിലെത്തിയ സംഘം എ.ടി.എമ്മുകള്‍ മാത്രം ലക്ഷ്യമിടുന്നവരാണ്. ഇവര്‍ പഴയ എ.ടി.എം. മെഷീനുകളില്‍ ‘പണി’ പഠിച്ചാണ് പ്രയോഗം. എത്ര സുരക്ഷിതമായ എ.ടി.എമ്മുകളില്‍നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ പണവുമായി കടക്കാന്‍ ഇവരെ സഹായിക്കുന്നതും ഈ സാങ്കേതികത്തികവാണ്.
ലക്ഷ്യം ദക്ഷിണേന്ത്യ
10 പേരടങ്ങുന്നതാണ് ഓരോ സംഘവും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇവരുടെ പ്രധാനലക്ഷ്യം. വ്യവസായമേഖലകള്‍ ധാരാളമുള്ള മേവാതില്‍നിന്ന് ദക്ഷിണേന്ത്യയിലേക്ക് ചരക്കെത്തിക്കുന്ന കണ്ടെയ്നറുകളാണ് മോഷണമുതല്‍ കടത്താനായി ഉപയോഗിക്കുന്നത്. പലസംഘങ്ങളായി പിരിയുന്ന ഇവര്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കും. പലപ്പോഴും മോഷണത്തിനായി ഉപയോഗിക്കുന്നത് തട്ടിയെടുത്ത കാറുകളായിരിക്കും. തൃശ്ശൂരില്‍ മോഷണത്തിനായി ഉപയോഗിച്ചതും മോഷ്ടിച്ച കാറാണെന്ന് സംശയിക്കുന്നുണ്ട്. തട്ടിയെടുത്ത വാഹനങ്ങള്‍ കണ്ടെയ്നറുകളില്‍ കയറ്റി മറ്റുസംസ്ഥാനങ്ങളില്‍ എത്തിച്ചാണ് പോലീസിനെ വെട്ടിക്കുന്നത്. പിന്നീട് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാകും യാത്ര.
മോഷണത്തിന്റെ വ്യാപ്തി അനുസരിച്ച് ദിവസങ്ങള്‍ മുതല്‍ മാസങ്ങളോളം നീണ്ട ആസൂത്രണമാകും ആദ്യപടി. പിടിക്കപ്പെടാം എന്നു തോന്നുന്ന പഴുതുകളെല്ലാം ആദ്യം തന്നെ അടയ്ക്കും. പോലീസിന്റെയും ജനങ്ങളുടെയും സാന്നിധ്യം നിരീക്ഷണ ക്യാമറകള്‍ എന്നിവയാണ് തുടക്കത്തിലെ പരിഗണിക്കുന്നത്. തോക്കുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഇവരുടെ പക്കലുണ്ട്. മോഷണത്തിന് ശേഷം വാഹനവും പണവും ഉള്‍പ്പെടെ കണ്ടെയ്നറിലേക്ക് മാറ്റും. സംസ്ഥാന അതിര്‍ത്തി കടന്ന് സുരക്ഷിതമായ സ്ഥലത്തെത്തിയ ശേഷമാണ് കണ്ടെയ്നറില്‍ നിന്ന് വാഹനം മാറ്റുന്നത്.
എത്തിയത് എ.ടി.എം. ഡിസ്ട്രോയര്‍
എത്ര സ്ട്രോങ് ആണെങ്കിലും അതെല്ലാം തകര്‍ക്കാന്‍ പരിശീലനംനേടിയ മേവാത് ഗാങ്ങിന്റെ എ.ടി.എം. സ്പെഷ്യലിസ്റ്റുകളാണ് തൃശ്ശൂരിലെത്തിയത്. പോലീസിന്റെ സുരക്ഷാസംവിധാനത്തെ വെല്ലുവിളിച്ചാണ് ഇവരുടെ ഓപ്പറേഷനുകള്‍. പോലീസിന്റെ സുരക്ഷാ സംവിധാനത്തെ വെല്ലുവിളിച്ചാണ് ഇലരുടെ ഓപ്പറേഷനുകള്‍. എ.ടി.എമ്മുകളും സ്ട്രോങ് റൂമുകളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തകര്‍ത്ത് പരിശീലിച്ചവരാണ് മോഷണത്തിന് പിന്നിലെന്ന് പ്രാഥമീക പരിശോധനയില്‍ തന്നെ പോലീസിന് ബോധ്യപ്പെട്ടു. ഇതേമാതൃകയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത കേസുകളുമായി പോലീസ് ഇതിനെ ചേര്‍ത്തുവെച്ചു. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും ആന്ധ്രപ്രദേശിലെ കടപ്പയിലും ഇവര്‍ എ.ടി.എം. കവര്‍ച്ച നടത്തിയിരുന്നു.