ഇംഫാൽ: വിദ്യാർഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെ മണിപ്പുരിന്റെ അധിക ചുമതല വഹിക്കുന്ന അസം ഗവർണർ ഇംഫാൽ വിട്ട് ഗുവാഹത്തിയിലേക്ക് പോയതായി റിപ്പോർട്ട്. ഇംഫാലിൽ രാജ്ഭവന് നേരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ മണിപ്പൂർ വിട്ടത്. നിലവിൽ അദ്ദേഹം ഗുവാഹാട്ടിയിലാണ് ഉള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ രാജ്ഭവന് വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡി.ജി.പി.യെയും നീക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. അസം ഗവർണറായ ലക്ഷ്മൺ പ്രസാദിന് നിലവിൽ മണിപ്പുരിന്റെ അധികചുമതലയാണ്. അദ്ദേഹം ബുധനാഴ്ച രാവിലെ ഗുവാഹാട്ടിയിലേക്ക് പോയതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ചരാത്രി വിദ്യാർഥിപ്രതിനിധികൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി രാജ്ഭവൻ അറിയിച്ചു. വിദ്യാർഥികളുടെയും ജനങ്ങളുടെയും താത്പര്യം മുൻനിർത്തി ഉചിതനടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പുനൽകിയെങ്കിലും സംസ്ഥാനത്ത് സംഘർഷഭീതി തുടരുകയാണ്. ഇംഫാലിൽ ഏർപ്പെടുത്തിയ കർഫ്യൂ ബുധനാഴ്ചയും തുടർന്നു. സംഘർഷസാധ്യത മുന്നിൽക്കണ്ട് പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനവും റദ്ദാക്കിയിട്ടുണ്ട്.
മണിപ്പുർ സർവകലാശാലയിലെ എല്ലാ ബിരുദ പരീക്ഷകളും മാറ്റിവെച്ചു. രാജ്ഭവന് സമീപം ചൊവ്വാഴ്ചയുണ്ടായ സംഘർഷത്തിൽ 55-ലധികം വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.