പാലക്കാട്: ഓണാഘോഷത്തിന്റെ ആവേശംകൂട്ടാൻ നടത്തിയ അതിവേഗ തീറ്റമത്സരത്തിൽ പങ്കെടുത്തയാൾ ഇഡ്ഡലി തൊണ്ടയിൽക്കുടുങ്ങി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ഉത്രാടദിനത്തിൽ വീടിനുസമീപം കളികളും പാട്ടുകളുമായി കൂടിയ 30-ഓളം പേരുള്ള ചെറുസംഘത്തിന്റെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു സുരേഷ്. മത്സരാർഥികൾക്ക് ഓരോരുത്തർക്കും മൂന്ന് ഇഡ്ഡലി വീതം നൽകിയശേഷം കുറഞ്ഞ സമയത്തിനുള്ളിൽ കഴിച്ചുതീർക്കുന്ന ആൾക്ക് സമ്മാനം ലഭിക്കുന്ന തരത്തിലാണ് തീറ്റമത്സരം സംഘടിപ്പിച്ചത്. ടൈമർവെച്ച് നടത്തിയ മത്സരം തുടങ്ങിയ ഉടൻ ഇഡ്ഡലികൾ അതിവേഗം വായ്ക്കുള്ളിലാക്കിയെങ്കിലും വൈകാതെ സുരേഷ് കുഴഞ്ഞുവീഴുകയായിരുന്നു. കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ട സുരേഷിനെ സുഹൃത്തുക്കൾ ഉടൻ സമീപത്തുള്ള സ്വകാര്യ ക്ലിനിക്കിലെത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ശ്വാസതടസ്സം മാറ്റാനായില്ല.
വിദഗ്ധ ചികിത്സയ്ക്കായി വാളയാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷണാവശിഷ്ടങ്ങൾ ഡോക്ടർമാർ പുറത്തെടുത്തെങ്കിലും വൈകാതെ സുരേഷ് മരിച്ചു. പോലീസ് ഇൻക്വസ്റ്റിനുശേഷം ശനിയാഴ്ച വൈകീട്ടോടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുരേഷ് ടിപ്പർലോറി ഡ്രൈവറാണ്. അച്ഛൻ: പരേതനായ ബാബു. അമ്മ: പാഞ്ചാലി. സംസ്കാരം ഞായറാഴ്ച കഞ്ചിക്കോട് വാതക ശ്മശാനത്തിൽ.
ജീവനെടുക്കും മത്സരങ്ങൾ; ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ
ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ നടത്തുന്ന മത്സരങ്ങൾ പലപ്പോഴും മനുഷ്യന്റെ ജീവനെടുക്കുന്നതിലേക്കാണ് നയിക്കുന്നത്. ഓണാഘോഷത്തിന്റെ മാറ്റുകൂട്ടാൻ തീറ്റമത്സരങ്ങൾ നടത്തുന്നത് പതിവാണ്. എന്നാൽ, അപകടങ്ങളുണ്ടായാൽ പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കേണ്ടതിനെക്കുറിച്ച് പലരും ബോധവാന്മാരല്ല.
തീറ്റമത്സരങ്ങളിൽ വളരെ വേഗത്തിലും വലിയ അളവിലുമാണ് ഭക്ഷണം കഴിക്കുന്നത്. ഇത് ശ്വാസതടസ്സമടക്കമുള്ള ബുദ്ധിമുട്ടുകൾക്കിടയാക്കും. വേഗം കഴിക്കുമ്പോൾ ഭക്ഷണത്തിൽ ഉമിനീർ വേണ്ടരീതിയിൽ കലരുന്നില്ല. ഇത് ദഹനം ബുദ്ധിമുട്ടാക്കുന്നു.
നല്ലതുപോലെ ചവച്ചരച്ച് കഴിക്കാത്തതും പ്രശ്നമുണ്ടാക്കുന്നു. ഭക്ഷണം വേഗം കഴിക്കുമ്പോൾ അന്നനാളത്തിനുപകരം ശ്വാസനാളത്തിലേക്ക് കടക്കാൻ സാധ്യതയേറെയാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ശ്വാസനാളത്തിലേക്ക് ഭക്ഷണംകടന്നാൽ എത്രയുംവേഗം വൈദ്യസഹായം തേടിയില്ലെങ്കിൽ മരണത്തിനിടയാക്കും.തീറ്റമത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് അപകടങ്ങളൊഴിവാക്കാൻ സഹായിക്കും. ആരോഗ്യവിദഗ്ധരുൾപ്പെടുന്ന സംഘത്തിന്റെ സേവനം ഇത്തരം മത്സരങ്ങൾ നടക്കുന്നയിടങ്ങളിൽ ഉറപ്പാക്കാം. ആഹാരം തൊണ്ടയിൽ കുടുങ്ങുകയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായാൽ പ്രഥമശുശ്രൂഷ ഉറപ്പാക്കാനും വേഗം ആശുപത്രിയിലെത്തിക്കാനും ഇത് സഹായകമാകുമെന്ന് ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. അനൂപ് പറഞ്ഞു.