ആര്യാട്(ആലപ്പുഴ): കിടപ്പിലായ ഭാര്യയെയും ഉറങ്ങുകയായിരുന്ന മകനെയും പെട്രോളൊഴിച്ച് തീവെച്ചശേഷം ഗൃഹനാഥന് തൂങ്ങിമരിച്ചു. ആര്യാട് പഞ്ചായത്ത് 10-ാം വാര്‍ഡ് തേവന്‍കോട് വീട്ടില്‍ ശ്രീകണ്ഠന് നായര്‍ (77) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഓമന(74), ഇളയ മകന് ഉണ്ണി(42) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓമനയുടെ നില ഗുരുതരമാണ്.
പള്ളിമുക്ക് ജങ്ഷനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണു സംഭവം. ആലപ്പുഴയിലെ ഹോട്ടല്‍ ജീവനക്കാരനായ ശ്രീകണ്ഠന് നായര്‍ കുറെയായി ജോലിക്കു പോയിരുന്നില്ല. കാലില്‍ മുറിവേറ്റ് അണുബാധയുണ്ടായതിനാല്‍ ഓമന മൂന്നുമാസമായി കിടപ്പിലാണ്.
ഭാര്യയും മക്കളുമായി പതിവായി വഴക്കിട്ടിരുന്ന ശ്രീകണ്ഠന് നായര്‍ വ്യാഴാഴ്ചയും വഴക്കിട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ടൂറിസ്റ്റ് ടാക്സി ഡ്രൈവറായ ഉണ്ണി ഓട്ടംകഴിഞ്ഞ് രാത്രിയിലാണ് വീട്ടിലെത്തിയത്. ഉണ്ണിയുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നു.
പുലര്‍ച്ചെ ശ്രീകണ്ഠന് നായര്‍ ഉണ്ണി ഉറങ്ങുന്ന മുറിയുടെ ജനാല തകര്‍ത്ത് അകത്തേക്കു പെട്രോളൊഴിച്ച് തീവെച്ചു. തുടര്‍ന്ന് അടുക്കള ഭാഗത്തോടു ചേര്‍ന്ന മുറിയിലെത്തി ഭാര്യ കിടന്ന കട്ടിലിലും പെട്രോളൊഴിച്ച് തീകൊളുത്തി.
നിലവിളി കേട്ടെത്തിയ ഉണ്ണി, അച്ഛനെ മുറിയില്‍ പൂട്ടിയശേഷം അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചു. കട്ടിലില്‍ നിന്നെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ണിക്കും പൊള്ളലേറ്റു. ഇതിനിടയില്‍ പ്ലാസ്റ്റിക് സീലിങ് കത്തി ഇവരുടെ ദേഹത്തു വീണു. ഓമനയ്ക്ക് 50 ശതമാനത്തോളം പൊള്ളലുണ്ട്. പൂട്ടിയിട്ട മുറിക്കുള്ളിലെ ഫാനില്‍ ശ്രീകണ്ഠന് നായര്‍ തൂങ്ങിമരിക്കുകയായിരുന്നു.
മൂത്ത മകന് കണ്ണന് താമസിക്കുന്നത് അടുത്തുള്ള മറ്റൊരു വീട്ടിലാണ്. ബഹളം കേട്ട് കണ്ണനും നാട്ടുകാരും ഓടിയെത്തി തീ കെടുത്താന്‍ ശ്രമിച്ചു. ആലപ്പുഴയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് പൂര്‍ണമായും തീയണച്ചത്. നാട്ടുകാര്‍ ഉണ്ണിയെയും ഓമനയെയും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ശ്രീകണ്ഠന് നായരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. മകള്‍: ബിന്ദു. മരുമക്കള്‍: ബെന്നി, സുനിത, രമ്യാകൃഷ്ണന്‍.
തൂങ്ങിമരണം വീട്ടില്‍നിന്നു മാറിത്താമസിക്കേണ്ട ദിവസം
ശ്രീകണ്ഠന്‍നായര്‍ (77) തൂങ്ങിമരിച്ചത് വീട്ടില്നിന്നിറങ്ങണമെന്ന വ്യവസ്ഥയുടെ അവസാന ദിവസം.
കഴിഞ്ഞയാഴ്ച ഭാര്യയും മക്കളുമായി തുടര്‍ച്ചയായി വഴക്കുണ്ടാക്കിയ ശ്രീകണ്ഠന് നായര്‍ ഇനി വീട്ടില്‍ താമസിക്കരുതെന്ന് ബന്ധുക്കളും മക്കളും നിര്‍ദേശിച്ചിരുന്നു. വീട്ടില്‍ക്കഴിയാന്‍ വെള്ളിയാഴ്ച വരെയാണ് സമയം അനുവദിച്ചത്. ഈ ദിവസമാണ് തീവെച്ചശേഷം ശ്രീകണ്ഠന്‍നായര്‍ തൂങ്ങിമരിച്ചത്.
മാറിത്താമസിക്കാന്‍ ഇയാള്‍ മറ്റൊരു വീടു നോക്കിവെച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കന്നാസില്‍ കരുതിയ പെട്രോളാണ് കത്തിക്കാന്‍ ഉപയോഗിച്ചത്. കന്നാസ് പോലീസ് വീട്ടില്‍നിന്നു കണ്ടെടുത്തു.