ഇരിങ്ങാലക്കുട(തൃശ്ശൂർ): മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി(51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽനിന്നുമാത്രം ഇയാൾ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് ഇയാളുടെ തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളാണ് റാഫിയുടെ കള്ളി പൊളിച്ചത്.
തൃശ്ശൂർ റൂറൽ എസ്.പി. നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീമാണ് റാഫിയെ അറസ്റ്റു ചെയ്തത്. ഉടമകളറിയാതെ അവരുടെ വീട്ടുപറമ്പിൽ ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ എന്നിവ കുഴിച്ചിട്ടശേഷം പിന്നീട് ഇയാൾ തന്നെ ‘ദിവ്യദൃഷ്ടി’യിലെന്നു പറഞ്ഞ് കണ്ടെത്തും. ഇവ ശത്രുക്കൾ കുഴിച്ചിട്ടതാണെന്നും ബിസിനസ് തകരുമെന്നും മാരക അസുഖങ്ങൾക്ക് കാരണമാകുമെന്നും പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിക്കും. ഏലസുകളും തകിടുകളും നശിപ്പിക്കാൻ പ്രത്യേക പ്രാർഥനകൾ വേണമെന്നു പറഞ്ഞ് ബൈബിൾവചനങ്ങൾ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവുമൊക്കെ വെച്ചാണ് തട്ടിപ്പുരംഗങ്ങൾ ഒരുക്കിയിരുന്നത്.
പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് ആറ് ഏലസുകൾ പുറത്തെടുത്തു. ഇവർ പോയശേഷം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചപ്പോൾ റാഫിയുടെ സഹായി പോക്കറ്റിൽനിന്ന് ഏലസുകൾ കുഴിയിലിട്ട് മൂടുന്നതു കണ്ടതോടെയാണ് കള്ളി വെളിച്ചത്തായത്. പരാതി വന്നതോടെ കേസെടുത്ത പോലീസ് വ്യാജസിദ്ധനെ തന്ത്രത്തിൽ പിടികൂടി. ചോദ്യംചെയ്യലിൽ റാഫി തട്ടിപ്പ് സമ്മതിച്ചു. അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി.
പല സ്ഥലങ്ങളിലും സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. കെ.ജി. സുരേഷ് പറഞ്ഞു. എസ്.ഐ. സി.എം. ക്ലീറ്റസ്, സുധാകരൻ, സീനിയർ സി.പി.ഒ. മാരായ എൻ.എൽ. ജെബിൻ, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, രാഹുൽ അമ്പാടൻ, സോണി സേവ്യർ, സൈബർസെൽ സി.പി.ഒ. സനൂപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.