ലപ്പുറം: വിവാഹത്തിനു നാലുദിവസം മുന്‍പ് കാണാതായ മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ ഊട്ടിയില്‍ കണ്ടെത്തി. കല്യാണത്തിനുള്ള സാമ്പത്തികപ്രയാസം കാരണം വിഷ്ണുജിത്ത് നാടുവിടുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു.
ഈമാസം നാലിനാണ് കാണാതായത്. വിഷ്ണുജിത്തിനെ കണ്ടെത്തിയെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് അറിയിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
മഞ്ചേരിയിലെ യുവതിയുമായി എട്ടിനു വിഷ്ണുജിത്തിന്റെ കല്യാണം നിശ്ചയിച്ചിരുന്നു. ഇവര്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. പാലക്കാട്ടുള്ള സ്വകാര്യ ഐസ് കമ്പനിയിലാണ് യുവാവിന് ജോലി.
പാലക്കാട്ടുള്ള കൂട്ടുകാരനില്‍നിന്ന് പണം വാങ്ങാനാണ് നാലിനു പുറപ്പെട്ടത്. പാലക്കാട്ടെത്തിയ വിഷ്ണുജിത്തിന് സുഹൃത്തിന്റെ സഹോദരി ഒരുലക്ഷം രൂപ കൈമാറി. പണം കിട്ടിയെന്നും ബന്ധുവിന്റെ വീട്ടില്‍ താമസിച്ചശേഷം അടുത്ത ദിവസം വരാമെന്നും രാത്രി എട്ടിനു വീട്ടില്‍വിളിച്ച് അറിയിച്ചു. പിന്നീട് വീട്ടിലേക്ക് ഫോണ്‍ ചെയ്തിട്ടില്ല. കുടുംബം വിളിച്ചപ്പോഴെല്ലാം പരിധിക്കു പുറത്താണെന്നാണ് ലഭിച്ച വിവരം. ഇതോടെ അഞ്ചിനു രാവിലെ അച്ഛന് ശശീന്ദ്രന് മലപ്പുറം പോലീസില്‍ പരാതി നല്കി.
വിഷ്ണുജിത്ത് പാലക്കാട് കഞ്ചിക്കോടെത്തി തന്റെ സഹോദരിയില്‍നിന്ന് പണം വാങ്ങിയിരുന്നതായി സുഹൃത്ത് പോലീസിനു മൊഴിനല്‍കി. സെപ്റ്റംബര്‍ നാലിനു രാത്രി 7.45-ന് പാലക്കാട് കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസ്സില്‍ വിഷ്ണുജിത്ത് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു. കോയമ്പത്തൂരില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് ഡാന്‍സാഫ്, സ്പെഷ്യല്‍ ബ്രാഞ്ച്, മലപ്പുറം പോലീസ് എന്നിവര്‍ ചേര്‍ന്നുള്ള ടീമിനെ എസ്.പി. അന്വേഷണച്ചുമതല ഏല്പിച്ചിരുന്നു.
കാരണം സാമ്പത്തികപ്രയാസം
കല്യാണത്തിനുള്ള സാമ്പത്തികപ്രയാസം കാരണം നാടുവിട്ട വിഷ്ണുജിത്ത് ഊട്ടിയില്‍ അലഞ്ഞുതിരിയുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. പാലക്കാട്ടുനിന്ന് ഊട്ടിയിലേക്കാണ് യുവാവ് പോയത്. ഇതിനിടയില്‍ ഒരു തമിഴ്നാട് സ്വദേശിയുടെ ഫോണില്‍നിന്ന് കൂട്ടുകാരെ വിളിച്ചു. കൂട്ടുകാര്‍ ഈ കാര്യവും ഫോണ്‍ നമ്പറും പോലീസിനു കൈമാറി.
വിഷ്ണുജിത്ത് ഊട്ടിയിലുണ്ടെന്ന വിവരംകിട്ടിയ പോലീസ് ഫോണ്‍ നമ്പര്‍ ഉടമയെ കണ്ടുപിടിച്ചു. ഈസമയം ബസ്സില്‍ യാത്രചെയ്യാന്‍ ഒരുങ്ങിയ വിഷ്ണുജിത്തിനെ തമിഴ്നാട് സ്വദേശി പോലീസിനു കാണിച്ചുകൊടുക്കുകയും പിടികൂടുകയുമായിരുന്നു. രാത്രി എട്ടിനു മലപ്പുറം പോലീസ്സ്റ്റേഷനില്‍ കൊണ്ടുവന്ന യുവാവിനെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
ബസില്‍ പോക്കറ്റടിച്ചെന്ന് മൊഴി…
പാലക്കാട്ടുനിന്ന് ഒരുലക്ഷം രൂപ വാങ്ങി തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ്സില്‍വെച്ച് പോക്കറ്റടിച്ചെന്നും ഇതുകാരണമാണ് നാടുവിട്ടതെന്നുമാണ് വിഷ്ണുജിത്ത് നല്കിയ മൊഴി. ഏകദേശം അരലക്ഷത്തോളം രൂപയാണ് ബസ്സില്‍വെച്ച് നഷ്ടമായത്. ഇതോടെ വിവാഹത്തിന് പണം തികയുമോ എന്ന ആശങ്കയായി. തുടര്‍ന്നാണ് നാടുവിട്ടതെന്നും യുവാവ് പോലീസിന് മൊഴി നല്കി.