മുംബൈ: മഹാരാഷ്ട്രയിലെ ഷിഗ്നാപൂരില്‍ പുതിയ താമസക്കാരായ മുസ്ലിങ്ങളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട എന്ന വിചിത്ര ഉത്തരവുമായി പഞ്ചായത്ത് ഭരണസമിതി. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ ഷിഗ്നാപൂര്‍ ഗ്രാമപഞ്ചായത്താണ് സെപ്റ്റംബര്‍ അഞ്ചിന് ഇത് സംബന്ധിച്ച പ്രമേയം പാസ്സാക്കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് അധികൃതര്‍ മുസ്ലിം വോട്ടര്‍മാരോട് നിരുപാധികം മാപ്പ് പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക തയ്യാറാക്കാനിരിക്കവെയാണ് പ്രദേശത്ത് പുതുതായി താമസിക്കാന്‍ വന്ന മുസ്ലിങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന പ്രമേയം പഞ്ചായത്ത് പാസാക്കിയത്.
‘ഗ്രാമസഭയിലെ അംഗങ്ങള്‍ സംഘടിപ്പിച്ച വിശദമായ ചര്‍ച്ചയ്ക്ക് ശേഷം, ഗ്രാമത്തില്‍ പുതുതായി എത്തിയ മുസ്ലിം വ്യക്തികളെ തെരഞ്ഞെടുപ്പ് പട്ടികയില്‍ ഉള്പ്പടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു,’ പ്രമേയത്തില്‍ പറയുന്നു.
ഗ്രാമപഞ്ചായത്തിനുള്ള സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ശുപാര്‍ശകള്‍ നല്‍കാനും അധികാരമുള്ള മഹാരാഷ്ട്രയിലെ അതോറിറ്റിയാണ് ഗാവ് സഭ അഥവാ ഗ്രാമ സഭ. എന്നാല്‍ തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് പേരുകള്‍ ചേര്‍ക്കാനും വെട്ടാനും ഗാവ് സഭയ്ക്കോ പഞ്ചായത്തിനോ അധികാരമില്ല. അത് പൂര്‍ണ്ണമായും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്.
എന്നാല്‍ സംഭവം വിവാദമായതോടെ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പഞ്ചായത്തിന്റെ അധികാരത്തെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലായിരുന്നു എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്.
കൂടാതെ ഇത്തരം ഒരു ഉത്തരവ് ഇറക്കിയത് പ്രദേശത്തെ മുസ്ലിങ്ങളെ ഉദ്ദേശിച്ചല്ലെന്നും മറിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ ലക്ഷ്യമാക്കിയാണെന്നുമാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ പ്രമേയം വിവേചനപരവും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി വിവിധ മുസ്ലിം സംഘടനകള്‍ ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിന്ന് വ്യാജ രേഖകളുമായി ഷിഗ്നാപൂരില്‍ എത്തിയ രണ്ട് സ്ത്രീകളെ കോലാപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവം മെയില്‍ ആയിരുന്നു.
കോലാപൂര്‍ സിറ്റിയില്‍ നിന്ന ഏകദേശം ഒമ്പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഷിഗ്നാപൂര്‍. ഏകദേശം 22,000 ജനങ്ങള്‍ ഇവിടെ താമസക്കാരായുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും മറാത്ത വിഭാഗക്കാരാണ്. 1,200 ഓളമാണ് പ്രദേശത്തെ മുസ്ലിം ജനസംഖ്യ.