കണ്ണൂരിലെ മദ്രസയിൽ നേരിട്ടത് ക്രൂര പീഡനമെന്ന് വിദ്യാർത്ഥി അജ്മൽ ഖാൻ 24നോട്. തന്റെ കണ്ണിലും സ്വകര്യ ഭാഗങ്ങളിലും മുളക് തേച്ചു. കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് മുറിവേൽപ്പിച്ചുവെന്നും അജ്മൽ ഖാൻ പറഞ്ഞു. നാല് മാസം തുടർച്ചയായി പീഡനം നേരിടേണ്ടി വന്നു.
സഹിക്കാൻ കഴിയാതെ മത പഠന ശാലയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നും അജ്മൽ ഖാൻ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ അജ്മലിന്റെ കുടുംബത്തിന്റെ പരാതിയിൽ കൂത്തുപറമ്പ് മത പഠന ശാലയിലെ അധ്യാപകൻ ഉമയിർ അഷറഫിനെതിരെ പൊലീസ് കേസെടുത്തു.
കണ്ണൂർ കൂത്തുപറമ്പിലെ മത പഠന ശാലയിലെ വിദ്യാർത്ഥിയാണ് അജ്മൽ ഖാൻ. പഠനകാര്യത്തിൽ വേണ്ട ശ്രദ്ധകൊടുക്കുന്നില്ലെന്നാരോപിച്ച് അധ്യാപകൻ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഈ വിവരം പുറത്തുപറയാൻ ശ്രമിച്ച അജ്മലിനെ ഉമയൂർ അഷറഫി കൂടുതൽ മർദ്ദിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം മാനസികമായി തകർന്ന അജ്മൽ പിന്നീട് വീട്ടുകാരുമായി സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇതേ തുടർന്ന് അജ്മലിനെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. വീട്ടിലെത്തിയിട്ടും അജ്മൽ മർദ്ദനവിവരം മാതാപിതാക്കളോട് തുറന്നുപറഞ്ഞിരുന്നില്ല. സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ശ്രദ്ധിച്ചുനോക്കുമ്പോഴാണ് ശരീരത്തിൽ പൊള്ളിയ പാടുകളടക്കമുള്ള മുറിവുകൾ കാണുന്നത്.
ചൂരൽ കൊണ്ട് മൃഗീയമായി അടിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്തിന്റെ പുറം ഭാഗത്ത് പൊള്ളിക്കുകയും ചെയ്തു. അജ്മൽ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.