ചണ്ഡീഗഢ്: ഹരിയാനയിലെ ആളുകൾ ദൽഹിയിലെ ജനങ്ങളെക്കാൾ നല്ലവരെന്ന് മാലിക്ക് പറയുമായിരുന്നെന്ന് ഓർക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത് ഇസ്ലാം. ജീവ ഭയം കൊണ്ട് പലായനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഗോ സംരക്ഷകരുടെ മർദനമേറ്റ് കൊല്ലപ്പെട്ട കുടിയേറ്റ തൊഴിലാളിയായ സാബിർ മാലിക്കിന്റെ സുഹൃത്തുക്കൾ. ഹരിയനയിലെ ജനങ്ങളോട് മാലിക്കിന് എന്നും വലിയ മതിപ്പായിരുന്നെന്നും അതേ ജനങ്ങളുടെ കൈ കൊണ്ട് തന്നെ അവർ മരണപ്പെട്ടു എന്നത് ഞെട്ടൽ ഉളവാക്കുന്നതാണെന്ന് മാലിക്കിന്റെ സുഹൃത്തുക്കൾ പറഞ്ഞു.
മാലിക്കിന്റെ കൊലപാതക സമയത് ബദ്ര ജയിലിലായിരുന്ന അവന്റെ സുഹൃത്തിന് ഇപ്പോഴും അവൻ മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല.
‘മാലിക്കിന്റെ മരണത്തെക്കുറിച്ച് ഞാൻ അറിഞ്ഞത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞപ്പോഴാണ്. നട്ടെല്ലിലൂടെ ഒരു വിറയൽ കയറി പോവുകയായിരുന്നു അപ്പോൾ. ജയിലിൽ അല്ലായിരുന്നെങ്കിൽ അത് ഞാനാകുമായിരുന്നേനെ. ഹരിയാനയിലെ ആളുകൾ ദൽഹിയിലെ ജനങ്ങളെക്കാൾ നല്ലവരാണെന്ന് മാലിക്ക് എപ്പോഴും പറയുമായിരുന്നു,’ ചാർഖി ദാദ്രി ജില്ലയിലെ ഹൻസവാസ് ഖുർദ് ഗ്രാമത്തിലെ തൻ്റെ കുടിലിന് പുറത്ത് ഇരുന്ന് കൊണ്ട് ഇസ്ലാം പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളിയായ സാബിർ മാലിക്കിനെ ചാർഖി ദാദ്രി ജില്ലയിൽ പശു സംരക്ഷക സംഘത്തിലെ ഒരു കൂട്ടം ആളുകൾ ആഗസ്റ്റ് 27 ന് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാലിക്കിനെയും സുഹൃത്ത് അസ്റുദീനെയും ഗോ സംരക്ഷകർ ആക്രമിച്ചെങ്കിലും അസറുദീൻ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ മാലിക്കിനെ അവർ പിടിച്ച് കൊണ്ടുപോവുകയായിരുന്നു. മാലിക്കിന്റെ ചേതനയറ്റ മൃതദേഹം പിന്നീട് അദ്ദേഹത്തിൻ്റെ കുടിലിനു സമീപം കണ്ടെത്തുകയായിരുന്നു.
മാലിക്കിന്റെ കൊലപാതകം കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വലിയ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹൻസവാസ് ഖുർദിലെ ഇസ്ലാമും മറ്റ് കുടിയേറ്റ തൊഴിലാളികളും കഴിഞ്ഞ രണ്ട് ദിവസമായി ജോലിക്ക് പോയിട്ടില്ല. അവരുടെ കുടിലിനു പുറത്ത് പൊലീസ് സംരക്ഷണം ഉണ്ടായിട്ടും അവർക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്ന് ഇസ്ലാം പറഞ്ഞു. വഴിയിൽ വെച്ച് തങ്ങളെ ആരെങ്കിലും ആക്രമിച്ചാലോ എന്നാണ് അവർ ഭയപ്പെടുന്നത്.
ആഗസ്റ്റ് 25 ന് ഇസ്ലാമും മറ്റുള്ളവരും മാംസം വാങ്ങാൻ പോയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. എന്നാൽ മാലിക് അവർക്കൊപ്പമുണ്ടായിരുന്നില്ല. അവർ വാങ്ങിയത് എരുമയുടെ മാംസം ആയിരുന്നു.
പിറ്റേന്ന് വൈകുന്നേരം, രാത്രി 9.30 ഓടെ അവർ ബംഗ്ലാദേശികളാണെന്നും അവരുടെ ആധാർ കാർഡ് ആവശ്യപ്പെട്ടും ഒരു കൂട്ടം ആളുകൾ കുടിലിലേക്ക് അതിക്രമിച്ചു കയറി. തങ്ങൾ ആധാർ കാർഡുകൾ കാണിച്ചതോടെ അവർ നിശബ്ദരായി പോയെന്നും ഇസ്ലാം പറഞ്ഞു.
എങ്കിലും അവർ വീണ്ടും വരികയായിരുന്നു. വീണ്ടും വന്ന അക്രമികൾ അവരുടെ വീട് ആക്രമിക്കുകയും അവർ പശു മാംസം ഭക്ഷിച്ചെന്ന ആരോപിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. പിന്നാലെയാണ് മാലിക്കിന് നേരെയുള്ള ആക്രമണം ഉണ്ടാകുന്നത്.
‘തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് പ്രാദേശിക ജനങ്ങൾ എന്നോട് പറഞ്ഞിരുന്നു. ഞങ്ങൾക്ക് ഇവിടം ഒട്ടും സുരക്ഷിതമായി തോന്നുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾ നാട്ടിലേക്ക് മടങ്ങും,’ ഇസ്ലാം പറഞ്ഞു.