കൊച്ചി: വീട് ജപ്തി ചെയ്യപ്പെട്ട് മക്കളോടൊപ്പം പെരുവഴിയിലായ പറവൂർ സ്വദേശി സന്ധ്യയുടെ കടം തീർത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. സന്ധ്യയുടെ പേരിലുണ്ടായിരുന്ന എട്ട് ലക്ഷത്തോളം രൂപയുടെ കടത്തിൽ നാലര ലക്ഷം രൂപ ധനകാര്യസ്ഥാപനത്തിൽ ലുലു ഗ്രൂപ്പ് അടച്ചു. കോടതിയിൽ കേസ് തീർപ്പാക്കുന്നതോടെ സന്ധ്യയുടെ വീടിന്റെ ആധാരം ബാങ്ക് അധികൃതർ കൈമാറും.
ഇതിനുപുറമേ സന്ധ്യയുടെ മക്കളുടെ തുടർപഠനത്തിനായി മാസപ്പലിശ ലഭിക്കുന്ന വിധത്തിൽ 10 ലക്ഷം രൂപ ഫെഡറൽ ബാങ്ക് നോർത്ത് പറവൂർ ശാഖയിൽ നിക്ഷേപിച്ചു. സന്ധ്യ, മക്കളായ ശ്രേയസ് കെ.എസ്., ശ്രേയ കെ.എസ്. എന്നിവരുടെ ജോയിന്റ് അക്കൗണ്ടായാണ് തുക നിക്ഷേപിച്ചത്. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കുന്നതിനായാണ് സന്ധ്യ ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയെടുത്തത്. മൂന്നു വർഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്. സംഭവം അറിഞ്ഞ ഉടനെ സഹായം ചെയ്യാൻ ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, എം.എ. യൂസഫലിയുടെ ഫിനാൻസ് മാനേജർ വി. പീതാംബരൻ എന്നിവർക്ക് എം.എ. യൂസഫലി നിർദേശം നൽകുകയും കടം തീർക്കുമെന്ന ഉറപ്പ് നൽകുകയും ചെയ്തിരുന്നു.