കാണ്‍പുര്‍: റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍വെച്ച് ട്രെയിന്‍ മറിക്കാന്‍ ശ്രമം. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ തിങ്കളാഴ്ച രാവിലെ 08.20-ഓടെ ആയിരുന്നു സംഭവം. പ്രയാഗ്രാജ്-ഭിവാനി കാളിന്ദി എക്സ്പ്രസിന് നേര്‍ക്കാണ് പാളംതെറ്റിക്കാനുള്ള ശ്രമം നടന്നത്.
പ്രയാഗ്രാജില്നിന്ന് ഹരിയാണയിലെ കളിന്ദിയിലേക്ക് പുറപ്പെട്ട ട്രെയിന്‍ കാണ്‍പുരിലെ മുദേരി ഗ്രാമത്തിലെത്തിയപ്പോള്‍ പാളത്തില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ ഇരിക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചു. ട്രെയിന്‍, സിലിണ്ടറില്‍ തട്ടുകയും അത് പാളത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. സിലിണ്ടറില്‍ തട്ടി അല്പസമയത്തിനു ശേഷം ട്രെയിന്‍ നില്‍ക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് ഇരുപത് മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിടുകയും വിഷയം ലോക്കോ പൈലറ്റ് റെയില്‍വേ പ്രൊട്ടക്ഷന്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത സ്റ്റേഷനായ ബില്ഹോറില് നിര്‍ത്തിയ ശേഷം പ്രാഥമിക അന്വേഷണവും നടത്തി. സിലിണ്ടറിനെ കൂടാതെ ഒരു കുപ്പി പെട്രോള്‍, തീപ്പെട്ടി, സംശയാസ്പദമായ മറ്റു ചില വസ്തുക്കള്‍, ഒരു ബാഗ് എന്നിവ കൂടി ആര്.പി.എഫും ഉത്തര്‍ പ്രദേശ് പോലീസും നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.