പാലക്കാട്: വാളയാർ-മണ്ണുത്തി ദേശീയപാതയിൽ കൂട്ടുപാതയ്ക്ക് സമീപം മരുതറോഡിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ക്യാബിന് തീപിടിച്ചു. വാഹനം സുരക്ഷിതമായി റോഡരികിലേക്ക് മാറ്റിനിർത്തിയശേഷം ഡ്രൈവർ വേഗം പുറത്തിറങ്ങി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15-നാണ് സംഭവം. തീപിടിച്ച് 10 മിനിട്ടിനുള്ളിൽ ക്യാബിൻ പൂർണമായി കത്തിനശിച്ചു. മുൻചക്രങ്ങളും എൻജിൻ റൂമും പൂർണമായി കത്തി.
ആലുവയിൽനിന്ന് വാളയാറിലേക്ക് കല്ലുകൊണ്ടുപോകാനെത്തിയ കാലി ലോറിയുടെ ക്യാബിനാണ് തീപിടിച്ചത്. പെരുമ്പാവൂർ-കോടനാട്-വിളങ്ങാട്ടിൽ വീട്ടിൽ ആഷിക്ക് (27) ആണ് ലോറി ഓടിച്ചിരുന്നത്. സംഭവസമയത്ത് ഡ്രൈവർ മാത്രമേ വണ്ടിയിൽ ഉണ്ടായിരുന്നുള്ളൂ. ചേർത്തലസ്വദേശി പ്രവീണിന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ് ലോറി.
കഞ്ചിക്കോട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ക്യാബിൻ പൂർണമായും കത്തി. സ്റ്റേഷൻ ഓഫീസർ ടി.ആർ. രാകേഷ്, കെ. മധു, യു. ജിതേഷ്, കെ. സതീഷ്, കെ. രാകേഷ്, എസ്. സുജു, നിതിൻകുമാർ, എം. രവി, അബ്ദുൾറസാക്ക്, എസ്. സതീഷ് എന്നിവരാണ് തീയണച്ചത്.
രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്
ചന്ദ്രനഗർ പാലം ഇറങ്ങികൊണ്ടിരിക്കവെയാണ് വാഹനത്തിന്റെ ക്യാബിനുപിന്നിൽ തീ കണ്ടതെന്ന് ആഷിക്ക് പറഞ്ഞു. പിന്നിലേക്ക് നോക്കാൻ തോന്നിയത് രക്ഷയായി. വാഹനം ഓടിക്കൊണ്ടിരിക്കവേ തീപിടിച്ചാൽ ഡോർ ലോക്കാകാനിടയുണ്ട്. അതിനാൽ തീ കണ്ടപ്പോൾമുതൽ വാതിൽതുറന്ന് പുറത്തേക്ക് തള്ളിപ്പിടിച്ചിരുന്നു. ദേശീയപാതയിൽ മേൽപ്പാലം ഇറങ്ങി 300 മീറ്ററോളം മുന്നോട്ടുപോയി തിരക്കില്ലാത്ത സ്ഥലത്ത് ലോറി നിർത്തി ചാടിയിറങ്ങുകയായിരുന്നു. വണ്ടി നിർത്തുമ്പോൾ ക്യാബിനുള്ളിൽ നിറയെ പുകയും തീയുമായിരുന്നു. ഫോണെടുത്ത് ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞ് വാഹനത്തിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു. തുടർന്ന്, അഗ്നിരക്ഷാസേനയെ വിളിച്ച് സഹായം തേടി. രണ്ടാഴ്ചമുൻപാണ് ഈ ടോറസ് ലോറി ഓടിക്കാൻ തുടങ്ങിയതെന്നും ഡ്രൈവർ പറഞ്ഞു.