കല്പറ്റ: മണ്ണിടിച്ചിൽ സാധ്യതയെത്തുടർന്ന് കളക്ടർ ഔദ്യോഗികവസതിയൊഴിയുന്നു. ദേശീയപാതയോടുചേർന്ന് ഓണിവയലിലുള്ള വീടാണ് അപകടസാധ്യത മുൻനിർത്തി ഒഴിയുന്നത്. ഉരുൾപൊട്ടൽദുരന്തമുണ്ടായ സമയത്ത് ഔദ്യോഗികവസതിക്ക് പുറകുവശത്ത് വലിയതോതിൽ മണ്ണിടിഞ്ഞിരുന്നു. തുടർന്ന്, അഞ്ചുദിവസത്തോളം കളക്ടർ മാറിത്താമസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ ദുരന്തനിവാരണ വിഭാഗവും ജിയോളജിസ്റ്റ്, മണ്ണുസംരക്ഷണ ഓഫീസർ തുടങ്ങിയവരും സ്ഥലം പരിശോധിച്ച് കളക്ടർ അടിയന്തരമായി വീടുമാറണമെന്ന് ആവശ്യപ്പെട്ടത്.
നിർദേശത്തെത്തുടർന്ന് കളക്ടർ വാടകവീട് അന്വേഷിച്ചുതുടങ്ങി. അടുത്തദിവസംതന്നെ താമസംമാറ്റുമെന്നാണ് അറിയുന്നത്. കളക്ടറുടെ ഔദ്യോഗിക വസതി പ്രദേശത്തുനിന്ന് മാറ്റുന്നതിനുള്ള നടപടികളും തുടങ്ങി. സിവിൽസ്റ്റേഷൻ പരിസരത്ത് എസ്.പി. ഓഫീസ്, ഗസ്റ്റ്ഹൗസ് എന്നിവയോടുചേർന്നുള്ള 20 സെന്റ് സ്ഥലത്ത് പുതിയ ഔദ്യോഗികവസതി നിർമിക്കാനാണ് ആലോചിക്കുന്നത്. നിലവിലെ ഔദ്യോഗികവസതിയുടെ അതേ സൗകര്യങ്ങളോടെ മൂവായിരത്തിലധികം ചതുരശ്രയടി വിസ്തീർണത്തിലായിരിക്കും വീടുപണിയുക. കളക്ടറുടെ ഓഫീസ് മുറി, ഗൺമാനുള്ള മുറികൾ, മൂന്നു ബെഡ്റൂമുകൾ തുടങ്ങി ആവശ്യമായ സൗകര്യങ്ങളോടെയായിരിക്കും വീടുപണിയുക.
കളക്ടറുടെ ഔദ്യോഗികവസതിയോട് ചേർന്നുതന്നെയാണ് ജില്ലാ പോലീസ് മേധാവി, എ.ഡി.എം. എന്നിവരുടെ ഔദ്യോഗികവസതിയെങ്കിലും നിലവിൽ സുരക്ഷാഭീഷണിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മഴയിൽ മറ്റു രണ്ടുവീടുകൾക്ക് സമീപത്ത് മണ്ണിടിഞ്ഞിട്ടില്ല. അതിനാൽ, ഒഴിയേണ്ടെന്നാണ് പറയുന്നത്.
കളക്ടറുടെ ഔദ്യോഗികവസതിക്ക് പുറകുവശത്തുള്ള കുന്നിടിച്ച് 2023-ൽ അനുമതി ലഭിച്ചതിലും കൂടുതൽ അളവിൽ മണ്ണെടുത്തെന്ന് ആരോപണമുയർന്നിരുന്നു. അശാസ്ത്രീയമായ മണ്ണെടുപ്പാണ് നടന്നതെന്ന് അന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഇതിനുശേഷമാണ് കനത്തമഴ പെയ്യുമ്പോൾ മണ്ണിടിയാൻ തുടങ്ങിയത്.
2023 ഒക്ടോബറിലായിരുന്നു ജിയോളജിസ്റ്റ് നൽകിയ അനുമതിയെ മറികടന്ന് കൂടുതൽ അളവിൽ മണ്ണെടുത്തതെന്ന് ആരോപണമുയർന്നത്. വില്ലേജ് ഓഫീസർ വിഷയത്തിൽ തഹസിൽദാർക്ക് റിപ്പോർട്ടും നൽകിയിരുന്നു.