തിരുവനന്തപുരം: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും ഉദ്യോഗസ്ഥരിൽ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും പറഞ്ഞുകൊണ്ട് എം.എൽ.എ പി.വി അൻവറിന് പിന്തുണയായി തവനൂർ എം.എൽ.എ കെ.ടി ജലീൽ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കി മുന്നോട്ടെത്തിയത്.
ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ .എം സഹയാത്രികനായി തുടരുമെന്ന് അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു. ഒപ്പം സി.പി.ഐ .എം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥരിൽ തട്ടിപ്പുകാരുടെ വിവരങ്ങൾ പുറത്ത് വിടുന്നതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വർഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അദ്ധ്യായത്തിൽ ഉണ്ടാകുമെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.
എം.എൽ.എ പി.വി അൻവറിന് പിന്നാലെയാണ് കെ.ടി ജലീലും വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അൻവർ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
അജിത് കുമാർ നോട്ടോറിയസ് ക്രിമിനൽ ആണെന്നും ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കുറ്റവാളിയാണെന്നും അൻവർ ആരോപിച്ചിരുന്നു. എം.ആർ അജിത് കുമാർ മന്ത്രിമാരുടെ ഫോൺ വിവരങ്ങൾ ചോർത്താറുണ്ടെന്നും അതിനായി അദ്ദേഹത്തിന് പൊലീസിൽ പ്രത്യേക സംഘമുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. ഫോൺ കോളുകൾ ചോർത്താനായി ഐ.പി.എസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ,മാധ്യമപ്രവർത്തകരുടെയും കോളുകൾ അജിത് കുമാർ ചോർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിന്റെ കോമ്പൗണ്ടിൽ എം.ആർ.അജിത് കുമാർ കൊട്ടാര സദൃശ്യമായ വീട് നിർമിക്കാൻ ഒരുങ്ങുന്നുണ്ടെന്ന് അൻവർ പറഞ്ഞു. എം.എ യൂസഫലിയുടെ വീട് നിൽക്കുന്നത് കവടിയാർ കൊട്ടാരത്തിന്റെ കോമ്പൗണ്ടിലാണെന്നും അവിടെ സ്ഥലത്തിന് ഒരു സെന്റിന് അറുപത് ലക്ഷം മുതൽ എഴുപത് ലക്ഷം വരെയാണ് വിലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12000 ചതുരശ്ര അടിയുള്ള വീടാണ് നിർമിക്കുന്നത്.