സംസ്ഥാന ജലപാതയായ ഈസ്റ്റ്-വെസ്റ്റ് കനാലിന്റെ 235 കിലോമീറ്റര്‍ ഭാഗം അടുത്ത മാര്‍ച്ചിനുമുമ്പ് കമ്മിഷന്‍ചെയ്യും. തിരുവനന്തപുരത്തെ ആക്കുളംമുതല്‍ തൃശ്ശൂര്‍ ചേറ്റുവവരെയുള്ള ഭാഗം ഡിസംബറോടെ പണിതീര്‍ത്ത് തുറന്നുകൊടുക്കാമെന്നാണ് ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തെ കോവളം മുതല്‍ കാസര്‍കോട് ജില്ലയിലെ ബേക്കല്‍വരെ 616 കിലോമീറ്ററാണ് ജലപാത.
ആക്കുളംമുതല്‍ കൊല്ലംവരെയും തൃശ്ശൂര്‍ കോട്ടപ്പുറംമുതല്‍ ചേറ്റുവവരെയുമാണ് നവീകരണം. വര്‍ക്കലയിലെ അഞ്ചുമീറ്റര്വീതിയുള്ള കുന്നിനടിയിലൂടെ തുരങ്കങ്ങള്‍ നിലനിര്‍ത്തിയാണ് നവീകരണം. ജലപാതയില്‍ തിരക്കേറുകയാണെങ്കില്‍ ഭാവിയില്‍ പുതിയ തുരങ്കം നിര്‍മിക്കും. വര്‍ക്കല തുരങ്കത്തിന്റെ ഭാഗംവരെമാത്രമേ ചരക്കുനീക്കത്തിനുള്ള ബാര്‍ജുകള്‍ വരുകയുള്ളൂ. യാത്രാബോട്ടുകളും വിനോദസഞ്ചാരബോട്ടുകളും 150 വര്‍ഷത്തിലേറെ പഴക്കമുള്ള തുരങ്കത്തിലുടെ കടന്നുപോകും. വര്‍ക്കലഭാഗത്ത് 500-ഓളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്.
കോഴിക്കോട് എരഞ്ഞിക്കല്‍, കുറ്റ്യാടി, വടകര, മാഹി ഭാഗങ്ങളിലും നവീകരണം നടക്കുന്നുണ്ട്. കനാലിന്റെ തുടക്കഭാഗമായ കോവളം ആക്കുളം ഭാഗത്താണ് നിര്‍മാണത്തിന് കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. കോവളം ഭാഗത്ത് 960-ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി പുരോഗമിക്കുകയാണ്.
കോഴിക്കോട് നഗരഭാഗത്തെ കനോലി കനാല്‍ നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. കനാലിന്റെ അവസാനഭാഗത്ത്, മാഹി-വളപട്ടണം പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് 26 കിലോമീറ്ററും നീലേശ്വരം ബേക്കല്‍ ഭാഗത്ത് ആറുകിലോമീറ്ററും പുതിയ കനാല്‍ നിര്‍മിക്കണം. ഇവിടെ സ്ഥലമേറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.
മുഖംതിരിച്ച് ദേശീയ ജലപാത അതോറിറ്റി
ദേശീയ ജലപാതയുടെ ഭാഗമായ കോട്ടപ്പുറം-കോഴിക്കോട് ഭാഗത്തെ 160 കിലോമീറ്റര്‍ നവീകരണം നിലച്ചതാണ് സംസ്ഥാനജലപാതയ്ക്ക് പ്രധാന വെല്ലുവിളി. ദേശീയ ജലപാത അതോറിറ്റിയാണ് നവീകരണം നടത്തേണ്ടത്. ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് 1200 കോടിരൂപയുടെ വിശദപദ്ധതിരേഖ തയ്യാറാക്കി അതോറിറ്റിക്ക് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.