കണ്ണൂർ: മൂർച്ചയുള്ള കത്തിയുമായി യാത്രക്കാരൻ ഏറനാട് എക്സ്പ്രസിൽ ഒന്നരമണിക്കൂർ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസിൽ(16606) ആയിരുന്നു സംഭവം. മാഹിയിൽനിന്ന് കയറിയ ആളെ ഒന്നരമണിക്കൂറിനുശേഷം മറ്റു യാത്രക്കാർ കീഴ്പ്പെടുത്തി ചെറുവത്തൂർ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു.
ഉച്ചയ്ക്ക് 1.50-ന് വണ്ടി മാഹിയിൽനിന്നാണ് ഇയാൾ കയറിയതെന്ന് യാത്രക്കാർ പറഞ്ഞു. അവിടം മുതൽ യാത്രക്കാരൻ കത്തിയുമായി പരിഭ്രാന്തി പരത്തി. ഉച്ചത്തിൽ സംസാരിക്കുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്തു. ഇടയ്ക്ക് കത്തി വീശിക്കൊണ്ടിരുന്നതായി യാത്രക്കാർ പറഞ്ഞു. വണ്ടിയിൽ പോലീസ് ഉണ്ടായിരുന്നില്ല. ഒടുവിൽ യാത്രക്കാർ സംഘടിച്ച് ഇയാളെ 3.25-ന് ചെറുവത്തൂർ സ്റ്റേഷനിൽ ഇറക്കി. ചന്തേര പോലീസിന് കൈമാറി. കാസർകോട് സ്വദേശിയാണ് ഇയാളെന്ന് റെയിൽവേ പോലീസ് പറഞ്ഞു.