ഡ്രൈവിങ് ലൈസന്‍സ് പുതിയത് ലഭിക്കാന്‍ പലവിധ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന പരാതികള്‍ക്ക് പരിഹാരമായി ഡിജിറ്റല്‍ ലൈസന്‍സുകള്‍ ആവിഷ്കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് അറിയിച്ചു. കോഴിക്കോട് കെ.എസ്.ആര്.ടി. ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചിത്രവും, ക്യു.ആര്.കോഡുമുള്ള ഡ്രൈവിങ് ലൈസന്‍സ് മൊബൈലുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. അത് മൊബൈലില്‍ കാണിച്ചാല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. കാര്‍ഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാല്‍ക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രൈവിങ് ലൈസന്‍സ് ഫീസ് ഈടാക്കുക. കാര്‍ഡ് അച്ചടിക്കുന്ന കമ്പനിയുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് അവരെ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.
ഡ്രൈവിങ് പരീക്ഷ പാസായി അത് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടെ ലൈസന്‍സ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മൊബൈല്‍ നഷ്ടപ്പെട്ടാല്‍ മറ്റൊരു ഫോണിലും ഇതുചെയ്യാന്‍ സാധിക്കും. അച്ചടിച്ച കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് തന്നെ വേണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ അനുശാസിക്കുന്നത് കണക്കിലെടുത്താണ് ഡിജിറ്റല്‍ ലൈസന്‍സ് ഒരുക്കുന്നത്. ഇത് പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാജനെ തിരിച്ചറിയാന്‍ സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡ്രൈവിങ് ലൈസന്‍സും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും ഡിജിറ്റലാക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചത്. അതേസമയം, ആറ് വര്‍ഷം മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ ഇവ ഡിജിറ്റലാക്കിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ്, ആര്.സി. അച്ചടി തടസ്സപ്പെട്ട സാഹചര്യത്തില്‍ മോട്ടോര്‍വാഹനവകുപ്പ് സ്വന്തംനിലയ്ക്ക് ഡിജിറ്റല്‍ പകര്‍പ്പ് നല്‍കുമെന്നാണ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ഉറപ്പുനല്‍കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ ആപ്പുകളായ ഡിജി ലോക്കറിലും എം. പരിവാഹനിലും വാഹനരേഖകളും ലൈസന്‍സും 2018 മുതല്‍ ഡിജിറ്റല്‍രൂപത്തില്‍ സൗജന്യമായി ലഭ്യമാണ്. സംസ്ഥാനത്ത് കാര്‍ഡ് വിതരണം വൈകുന്നതിനാല്‍ ലൈസന്‍സ് എടുക്കുന്നവരും കേന്ദ്രത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഡിജിറ്റല്‍ പകര്‍പ്പിന് അസലിന്റെ സാധുത നല്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവും ഇറക്കിയിരുന്നു. ഇത് അടിസ്ഥാനമാക്കി സംസ്ഥാനത്തും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.