കണ്ണൂർ: ഈ വർഷം സംസ്ഥാനത്ത് തീവണ്ടിതട്ടി മരിച്ചത് 420 പേർ. ബുധനാഴ്ച കണ്ണൂരിൽ തീവണ്ടിയിടിച്ച് നിലമ്പൂർ സ്വദേശി മരിച്ചത് ഉൾപ്പെടെയുള്ള കണക്കാണിത്. കണ്ണൂർ റെയിൽവേ പോലീസിന്റെ 64 കിലോമീറ്റർ പരിധിയിൽ മാത്രം എട്ടുമാസത്തിനിടെ 31 പേർ മരിച്ചു. തീവണ്ടികളുടെ എണ്ണവും വേഗവും കൂടിയതും എൻജിൻ വൈദ്യുതിയിലേക്ക് മാറിയപ്പോൾ ശബ്ദം കുറഞ്ഞതും അപകടം കൂടാൻ കാരണമായി. പാളത്തിന്റെ ഘടന മാറിയതും ത്രീഫേസ് എൻജിൻ വ്യാപകമായതും മറ്റ് കാരണങ്ങളാണ്. തീവണ്ടികളുടെ അതിവേഗ ഓട്ടത്തിനിടയിൽ ചെറിയ അശ്രദ്ധമതി ജീവനെടുക്കാൻ.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ തീവണ്ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2391 അപകടങ്ങളുണ്ടായി. മഹാഭൂരിഭാഗവും തീവണ്ടി തട്ടിയതാണ്. 2022-ൽ 1034, 2023-ൽ 1357 എന്നിങ്ങനെയാണ് അപകട കണക്ക്. ഈ വർഷം പാലക്കാട് ഡിവിഷനിൽ ഇതുവരെ 322 അപകടങ്ങൾ നടന്നു. കേരളത്തിലെ എല്ലാ സെക്ഷനിലും തിരക്കേറി. തീവണ്ടിസാന്ദ്രതയിൽ ബി വിഭാഗത്തിൽപ്പെടുന്ന, ഏറ്റവും തിരക്കേറിയ എറണാകുളം-ഷൊർണൂർ സെക്ഷനിൽ 105-110 യാത്രാവണ്ടികളാണ് 24 മണിക്കൂറിൽ ഓടുന്നത്. ചരക്കുവണ്ടികൾ പുറമെയും. ബി വിഭാഗത്തിലുള്ള കണ്ണൂർ-മംഗളൂരു സെക്ഷനിൽ ശരാശരി 75 യാത്രാവണ്ടികൾ ഓടുന്നുണ്ട്. വേഗം 70-ൽനിന്ന് 110 കിലോമീറ്റർ ആയപ്പോൾ തീവണ്ടിയുടെ ഓട്ടം മിന്നൽപോലെയാണ്.
ശബ്ദം നേർത്തുവരുന്നു
തീവണ്ടിയുടെ ഡീസൽ എൻജിൻ പുറത്തുവിടുന്ന ശബ്ദം 85-100 ഡെസിബെലാണ്. ത്രീഫേസ് ഇലക്ട്രിക് ലോക്കോയുടെത് 60-ന് കീഴെയാണ്. മെമു 30-ൽ താഴെ. വന്ദേഭാരത് മോട്ടോർ കാബിന് 20 ഡെസിബെൽ ശബ്ദംമാത്രം.
നഷ്ടം മാത്രം
റെയിൽപ്പാളവും പരിസരവും അപകടമേഖലയാണ്. അവിടെ ആളുകൾ പ്രവേശിക്കാൻ പാടില്ലെന്നാണ് നിയമം. അതുകൊണ്ടുതന്നെ പാളം ഉൾപ്പെടെ റെയിൽവേ പരിധിയിൽ തീവണ്ടിതട്ടി മരിച്ചാൽ റെയിൽവേ നഷ്ടപരിഹാരം നൽകില്ല. പെർമിറ്റ് (വർക്ക്) കാർഡില്ലാതെ അപകടം സംഭവിച്ചാൽ റെയിൽവേ ഉദ്യോഗസ്ഥനുപോലും ആ നിയമം ബാധകമാണ്. ലെവൽക്രോസുകളിലൂടെ പാളം കടക്കുന്നതും ശിക്ഷാർഹമാണ്.