ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിന്റെ പട്ടികയുടെ ഒന്നാംനിരയില്‍ കേരളം. കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും മാത്രമാണ് പട്ടികയില്‍ കേരളത്തിന് മുന്നിലുള്ളത്.
പീരിയോഡിക് ലേബര്‍ സര്‍വേ ഫോഴ്സി (പി.എല്‍.എഫ്.എസ്.)ന്റെതാണ് കണക്കുകള്‍. 2023 ജൂലൈ 2023 മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് പി.എല്‍.എഫ്.എസ്. തയ്യാറാക്കുന്നത്.
15-29 പ്രായക്കാര്‍ക്കിടയില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണ്. സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 47.1 ശതമാനവും പുരുഷന്മാര്ക്കിടയില് ഇത് 19.3 ശതമാനവുമാണെന്ന് പി.എല്‍.എഫ്.എസ്. വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് പട്ടികയിലെ ആദ്യസ്ഥാനക്കാര്‍ ഇങ്ങനെ: ലക്ഷദ്വീപ് (36.2%), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ (33.6%), കേരളം (29.9%), നാഗാലാന്‍ഡ് (27.4%), മണിപ്പുര്‍ (22.9%), ലഡാക്ക് (22.2%).
രാജ്യത്ത് ഏറ്റവും കുറച്ച് തൊഴിലില്ലായ്മ നിരക്കുള്ളത് മധ്യപ്രദേശിലാണ്. ഗുജറാത്താണ് തൊട്ടുപിന്നില്‍. തൊഴിലില്ലായ്മ ഏറ്റവും കുറച്ചുള്ള സംസ്ഥാനങ്ങള്‍: മധ്യപ്രദേശ് (2.6%), ഗുജറാത്ത് (3.1%), ഝാര്‍ഖണ്ഡ് (3.6%), ഡല്‍ഹി (4.6%), ഛത്തീസ്ഗഢ് (6.3%) എന്നിങ്ങനെയാണ്.
രാജ്യത്തെ യുവാക്കള്‍ക്കിടയിലെ ആകെ തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനമാണ്. സ്ത്രീകള്ക്കടയിലെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനവും പുരുഷന്മാര്ക്കിടയില് ഇത് 9.8 ശതമാനവുമാണ്.