തിരുവനന്തപുരം: മജ്ജമാറ്റിവെക്കല്‍ ചികിത്സയ്ക്ക് ഊര്‍ജം പകരുന്നതിനായി സംസ്ഥാനത്തും ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നു. മജ്ജദാതാക്കളുടെയും ആവശ്യക്കാരുടെയും വിവരം ഏകീകൃതമായി ശേഖരിക്കുന്നതിനൊപ്പം രോഗികള്‍ക്ക് യോജിക്കുന്ന മജ്ജ സംബന്ധിച്ച വിവരം കൈമാറാനും രജിസ്ട്രി ഉപകരിക്കും.
രക്താര്‍ബുദംപോലെ രക്തസംബന്ധമായ ഗുരുതരരോഗം ബാധിച്ചവര്‍ക്കാണ് സാധാരണ മജ്ജമാറ്റിവെക്കല്‍ ചികിത്സ വേണ്ടിവരുന്നത്. അനുയോജ്യരായ ദാതാക്കളെ കിട്ടാത്തതാണ് പ്രധാന വെല്ലുവിളി.
ആരോഗ്യവാനായ ആളിന്റെ മജ്ജയില്‍നിന്ന് ശേഖരിക്കുന്ന കോശങ്ങള്‍ (സ്റ്റെംസെല്‍) ആണ് രോഗിക്ക് നല്‍കുന്നത്. രക്തകോശ ഉത്പാദകരായി കണക്കാക്കുന്ന സ്റ്റെംസെല്ലുകള്‍ ആരോഗ്യമുള്ള കോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാണ്. കീമോതെറാപ്പിക്കും റേഡിയേഷനും വിധേയരായ രോഗികള്‍ക്ക് പ്രതിരോധശേഷി കൂട്ടാന്‍ മജ്ജമാറ്റിവെക്കല്‍ ചികിത്സ നടത്താറുണ്ട്.
ഈ രംഗത്തെ ആഗോളസംഘടനയായ വേള്‍ഡ് മാരോ ഡോണര്‍ അസോസിയേഷന്റെ മാനദണ്ഡപ്രകാരമാണ് സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുക. സംസ്ഥാനത്തെ കാന്‍സര്‍ രജിസ്ട്രിയുമായി ഇതിനെ ബന്ധിപ്പിക്കും. രജിസ്ട്രി വരുന്നതോടെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍തലത്തില്‍ നിരീക്ഷണം വരും. അംഗീകൃത ചികിത്സാകേന്ദ്രങ്ങള്‍ക്ക് മാത്രമാകും വിവരം കൈമാറുക. അതോടെ ഈരംഗത്തെ പണമിടപാട് അടക്കമുള്ള ദുഷ്പ്രവണതകള്‍ക്ക് തടയിടാനാകും.
സ്റ്റാര്‍ട്ടപ്പുകളുടെ സഹായവും
മലബാര്‍ കാന്‍സര്‍ സെന്ററിനെ മിസ്ട്രി നടത്തിപ്പിനുള്ള നോഡല്‍ ഏജന്‍സിയായി നിയോഗിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നട ത്തുന്നതിനുള്ള ഫണ്ട് അനുവദി ക്കുക കെ-ഡിസ്ക്ക് (കേരള ഡിവലപ്മെന്റ് ആന്‍ഡ് ഇനവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) ആയിരിക്കും. പ്രോജക്ട് മാനേജ്മെന്റെ യൂണിറ്റായും കെ-ഡിസ്ക് പ്രവര്‍ത്തിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ സഹായവും ഇതി നായി തേടും.
രജിസ്ട്രി തയ്യാറാവുന്നതോടെ മജ്ജദാനത്തിന് സന്നദ്ധരായവര്‍ക്ക് പദ്ധതിയില്‍ പങ്കുചേരുന്ന രക്തബാങ്കുകളില്‍ രജിസ്റ്റര്‍ചെയ്യാം.
നിര്‍മിതബുദ്ധി, മെഷീന് ലേണിങ് സങ്കേതങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്താന്‍ ഉപയോഗപ്പെടുത്തും