പാലക്കാട്: കെ.എസ്.ഇ.ബി. നൽകുന്ന വൈദ്യുതിബില്ലുകൾ ഇനി മലയാളത്തിലാക്കും. ഇംഗ്ലീഷിൽ തയ്യാറാക്കുന്ന ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കൾക്ക് വലിയ പ്രയാസം നേരിടുന്നതായി പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ പരാതി ഉയർന്നിരുന്നു.
ഇതു സംബന്ധിച്ച് കെ.എസ്.ഇ.ബി. ഉചിതമായ തിരുമാനമെടുക്കണമെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബില്ലുകൾ മലയാളത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. സിസ്റ്റം ഓപ്പറേഷൻസ് ചീഫ് എൻജിനീയർ (പ്രസരണവിഭാഗം) വിജു രാജൻ ജോൺ വ്യക്തമാക്കിയത്. ആവശ്യപ്പെടുന്നവർക്ക് മാത്രം ഇംഗ്ലീഷിൻ ബില്ല് നൽകിയാൽ മതിയെന്ന ശുപാർശയും കമ്മിഷൻ നൽകി. ബില്ലുകൾ ഒരാഴ്ചയ്ക്കുള്ളിൽ മാഞ്ഞുപോകുന്ന പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി വേണം. എല്ലാ ഉപഭോക്താക്കളുടെയും മൊബൈൽ ഫോണിലേക്ക് ബില്ലയച്ചു നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം വേണമെന്ന് കമ്മിഷൻ നിർദേശിച്ചു.
മീറ്ററർ റീഡിങ് എടുക്കാൻ കൃത്യമായ ദിവസം നിശ്ചയിക്കണം. റീഡിങ് എടുത്ത തീയതി ബില്ലിൽ രേഖപ്പെടുത്തണം. റീഡിങ് എടുക്കുന്ന തീയതി നീളുന്നതോടെ ഉപഭോക്താവ് അധിക വൈദ്യുതി ഉപയോഗിച്ചതായി ബില്ലിൽ രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഇത് സാധാരണക്കാരെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് പറഞ്ഞു.
വൈദ്യുതി വിച്ഛേദിക്കാൻ ഉദ്യോഗസ്ഥർക്ക് വല്ലാത്ത ശുഷ്കാന്തി -റെഗുലേറ്ററി കമ്മിഷൻ
പാലക്കാട്: വൈദ്യുതി വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്ക് വല്ലാത്ത ശുഷ്കാന്തിയെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. വൈദ്യുതിനിരക്ക് പരിഷ്കരണത്തിനായി കെ.എസ്.ഇ.ബി. നൽകിയ ശുപാർശയിന്മേൽ പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന പൊതുതെളിവെടുപ്പിലാണ് കെ.എസ്.ഇ.ബി.യുടെ നിലപാടിൽ കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് അതൃപ്തി പ്രകടിപ്പിച്ചത്.
ചൊവ്വാഴ്ച കോഴിക്കോട് നടന്ന തെളിവെടുപ്പിനിടെ കമ്മിഷന് വൈകീട്ട് പരാതി നൽകിയ ഉപഭോക്താവിന്റെ വൈദ്യുതികണക്ഷൻ ബുധനാഴ്ച രാവിലെ 9.30-ന് കെ.എസ്.ഇ.ബി. വിച്ഛേദിച്ചതായും ചെയർമാൻ പറഞ്ഞു. കെ.എസ്.ഇ.ബി.യുടെ ഇത്തരം നിലപാട് തിരുത്തേണ്ട കാലം അതിക്രമിച്ചു. ഡിപ്പോസിറ്റുള്ള ഉപഭോക്താവിനുപോലും ഇതാണ് സ്ഥിതിയെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്താണെന്നും കമ്മിഷൻ ചോദിച്ചു.
ചെറുകിടസംരംഭകരടക്കമുള്ള ഉപഭോക്താക്കളുടെ വൈദ്യുതിക്കുടിശ്ശികയുടെ കാര്യത്തിൽ കണക്ഷൻ വിച്ഛേദിക്കുന്നതിനുമുമ്പ് സാവകാശം അനുവദിക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു. 2024 ജൂലായ് ഒന്നുമുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതിനിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ് നടന്നത്. ടെക്നിക്കൽ അംഗം ബി. പ്രദീപ്, ലീഗൽ അംഗം അഡ്വ. എ.ജെ. വിൽസൺ എന്നിവരും തെളിവെടുപ്പിൽ പങ്കെടുത്തു.
കെ.എസ്.ഇ.ബി. ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ജനങ്ങളെ ബാധിക്കുന്ന യഥാർഥപ്രശ്നങ്ങളിൽ വീഡിയോ തയ്യാറാക്കി സാമൂഹികമാധ്യമങ്ങൾവഴി പ്രചരിപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇതുവഴി കെ.എസ്.ഇ.ബി. കൊള്ളയടിക്കുന്നുവെന്ന ജനങ്ങളുടെ ധാരണ ഒരു പരിധിവരെ മാറ്റാനാവും.