നെടുങ്കണ്ടം: തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ, ആദ്യ രണ്ട് കളിയിലെ മികവുകൊണ്ടുതന്നെ ശ്രദ്ധേയനാകുകയാണ് നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി ആനന്ദ് ജോസഫ്. ഐ.പി.എൽ. മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ആലപ്പുഴ റിപ്പിൾസിനു വേണ്ടിയാണ് പേസ് ബൗളറായ ആനന്ദ് ജോസഫ് പന്തെറിയുന്നത്.
ആദ്യ മത്സരത്തിൽ തൃശ്ശൂർ ടൈറ്റൻസിനെതിരേ നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും, ചൊവ്വാഴ്ച നടന്ന രണ്ടാം മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസിനെതിരേ 3.1 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റും വീഴ്ത്തിയാണ് ആനന്ദ് താരമായത്.
ബൗളിങ്ങിനൊപ്പം ചിട്ടയായ ബാറ്റിങ് പരിശീലനത്തിലൂടെ ഒരു മികച്ച ഓൾറൗണ്ടർ ആകാനുള്ള പരിശ്രമവും കേരളത്തിന്റെ മുൻ രഞ്ജിട്രോഫി താരംകൂടിയായ ആനന്ദ് നടത്തുന്നുണ്ട്. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്ന ആനന്ദ് സ്കൂൾ ഗ്രൗണ്ടിലാണ് കളിച്ചുവളർന്നത്.
ഒഴിവുസമയങ്ങളിൽ ആനന്ദും സഹോദരൻ സിൽസും ബാറ്റും ബോളുമായി ഗ്രൗണ്ടിലിറങ്ങും. അന്ന് ഒപ്പംകളിച്ചിരുന്ന സ്കൂളിലെയും, നാട്ടിലെയും ചേട്ടൻമാരൊക്കെയാണ് ആദ്യ പരിശീലകർ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാവി താരങ്ങളെ കണ്ടെത്താൻ ഒരുക്കിയ പദ്ധതിയുടെ ഭാഗമായാണ് ആനന്ദ് പരിശീലകരുടെ ശ്രദ്ധയിൽപ്പെടുന്നത്. കട്ടപ്പനയിൽ നടന്ന പ്രാഥമിക മത്സരത്തിലൂടെ ആനന്ദും തിരഞ്ഞെടുക്കപെട്ടു.
കട്ടപ്പന സ്വദേശിയായ സെലോൺ എന്ന പരിശീലകനാണ് ആനന്ദിന്റെ ക്രിക്കറ്റ് ഭാവി ആദ്യമായി തിരിച്ചറിഞ്ഞതും പരിശീലനത്തിനയയ്ക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചതും. പിന്നീട് ആനന്ദിന് ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശനം ലഭിച്ചു. തുടർന്ന് അണ്ടർ 14 ടീമിലിടംനേടി. പരിശീലന സൗകര്യാർത്ഥം പാലാ, കോട്ടയം, എറണാകുളം സ്കൂളുകളിലേക്ക് മാറ്റി. ഇപ്പോൾ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിലാണ് പരിശീലനം. കേരളത്തിന്റെ സീനിയർ ടീമിൽ ഇടംനേടുന്നതിനൊപ്പം ഇന്ത്യൻ ടീമിലെത്തുക എന്നതാണ് 28-കാരനായ ആനന്ദിന്റെ സ്വപ്നം.
മുണ്ടിയെരുമ കൈതാരത്ത് സോണി ജോസഫ്-ആൻസി ജോസഫ് ദമ്പതിമാരുടെ രണ്ട് മക്കളിൽ ഇളയവനാണ്. സഹോദരൻ സിൽസ് ജോസഫ് യു.കെ.യിൽ കോളേജ് അധ്യാപകനാണ്.