കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുഹമ്മദന്‍സിനെതിരായ മത്സരത്തിൽ ആരാധകര്‍ക്കു നേരെ അതിക്രമമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സ്. സാഹചര്യം പൂര്‍ണമായി മനസിലാക്കുന്നതിനായി കൊല്‍ക്കത്തയിലെ അധികൃതരുമായും ഐ.എസ്.എല്‍ സംഘാടകരുമായും ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ആശങ്കയുണ്ടെന്നും ആരാധകര്‍ ക്ലബ്ബിന്റെ അവിഭാജ്യ ഘടകമാണെന്നും ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചു. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ജയം നേടിയിരുന്നു.
സാഹചര്യം പൂര്‍ണമായി മനസിലാക്കുന്നതിനായി കൊല്‍ക്കത്തയിലെ അധികൃതരുമായും ഐ.എസ്.എല്‍ സംഘാടകരുമായും ബന്ധപ്പെട്ടിട്ടുണ്ട്. മത്സരങ്ങള്‍ കാണാനായി വരുന്ന ആരാധകര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നത് എല്ലാ ക്ലബ്ബിന്റേയും കടമയാണ്. ഫുട്ബോളില്‍ ഇത്തരം സംഭവങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ആരാധകരുടെയും താരങ്ങളുടെയും ഒഫിഷ്യലുകളുടെയും സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം സംഭവങ്ങള്‍ നിയന്ത്രക്കേണ്ടതുണ്ടെന്നും ബ്ലാസ്റ്റേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.
ജയത്തിലും പരാജയത്തിലും ആരാധകര്‍ ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. ആരാധകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ആരാധകര്‍ അവരുടെ മാതൃകാപരമായ പെരുമാറ്റം നിലനിര്‍ത്തണമെന്നും ടീമിനെ പിന്തുണയ്ക്കുന്നത് തുടരണമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 75-ാം മിനിറ്റില്‍ ജീസസ് ജിമെനെസ് ഗോള്‍ നേടിയതിനു പിന്നാലെയായിരുന്നു സംഭവം. 67-ാം മിനിറ്റില്‍ ക്വാമി പെപ്ര ആദ്യ ഗോള്‍ നേടിയ ശേഷം ഗാലറിയിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആഘോഷത്തിലായിരുന്നു. പിന്നാലെ ജിമെനെസും ഗോള്‍ നേടിയതോടെ ആരാധകര്‍ ആവേശത്തിലായി. ഇതോടെ തൊട്ടടുത്ത സ്റ്റാന്‍ഡിലിരുന്ന മുഹമ്മദന്‍സ് ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കു നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു. മൈതാനത്തേക്കും കളിക്കാര്‍ക്ക് നേര്‍ക്കും മുഹമ്മദന്‍സ് ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം വലിച്ചെറിഞ്ഞു. ഇതോടെ റഫറി മത്സരം നിര്‍ത്തിവെച്ചു. മുഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതും കാണികളെ ചൊടിപ്പിച്ചു.