പത്തനംതിട്ട: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തതിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരുന്ന അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു.
സുരേഷ് ഗോപിയല്ല നമ്മുടെ വിഷയമെന്നും വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കെ. സുരേന്ദ്രന് പറഞ്ഞു. പത്തനംതിട്ടയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ നടപടിയെ തള്ളിപ്പറയാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തയ്യാറായില്ലെന്ന് മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന പ്രതികരണമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.
‘ അദ്ദേഹത്തിന്റെ (സുരേഷ് ഗോപി) പ്രതികരണത്തിനായി രാവിലെ നിങ്ങള്‍ അദ്ദേഹത്തെ കണ്ടതാണ്. വീണ്ടും അതാവര്‍ത്തിക്കുന്നത് ശരിയല്ല. കുറച്ച് നിങ്ങള്‍ ശ്രദ്ധിക്കണം. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്താനോ ഈ വിഷയമെടുക്കാനോ ഉദ്ദേശിച്ചതല്ല. നിങ്ങള്‍ ചോദിച്ചത് കൊണ്ടാണ് പറയുന്നത്.
നമ്മുടെ അടിസ്ഥാന വിഷയം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടതല്ല. നമ്മള് തന്നെ പ്രശ്നത്തില്‍ നിന്ന് വഴുതിമാറാന്‍ ശ്രമിക്കരുത്. പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഒരുമിച്ച് നിന്ന് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യേണ്ട സമയമാണിത്,’ കെ.സുരേന്ദ്രന് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും മുകേഷുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുള്ള പരാതികളിലും സുരേഷ് ഗോപിയുടെ നിലപാട് അദ്ദേഹം തിരുത്തിയില്ലല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചില്ലല്ലോ എന്ന മറുചോദ്യമാണ് കെ. സുരേന്ദ്രന് ചോദിച്ചത്.
കഴിഞ്ഞ ദിവസം മുകേഷിനെ പിന്തുണക്കുന്ന രീതിയില്‍ നിലപാടെടുത്ത സുരേഷ് ഗോപിയെ കെ. സുരേന്ദ്രന് വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി നിലപാട് പറഞ്ഞതിന് ശേഷം സുരേഷ് ഗോപി സിനിമ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രന് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തൃശൂര്‍ രാമനിലയത്തിന് പുറത്ത് വെച്ച് മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തത്. മീഡിയവണ്‍ മാധ്യമ പ്രവര്‍ത്തകനെയാണ് അദ്ദേഹം ബലംപ്രയോഗിച്ച് തള്ളിമാറ്റിയത്. ഇതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് കൃത്യമായ ഉത്തരം നല്‍കാതെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ഒഴിഞ്ഞുമാറിയിരിക്കുന്നത്.
നേരത്തെ അമ്മ കമ്മിറ്റി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടുള്ള ചോദ്യത്തിനും സുരേഷ് ഗോപി ക്ഷുഭിതനായാണ് പ്രതികരിച്ചിരുന്നത്. അമ്മ ഓഫീസില്‍ നിന്ന് പുറത്തുവരുമ്പോള്‍ മാത്രം അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചാല്‍ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ ഭീഷണി.