കൊച്ചി: രണ്ടുപേരും അവരവരുടെ കടമ ചെയ്തു. ലോറൻസ് അങ്കിളിനോട് ഒരു വിരോധവുമില്ല… പറയുന്നത് എം.എം. ലോറൻസ് മുഖ്യ പ്രതിയായ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പോലീസുകാരൻ കെ.ജെ. മാത്യുവിന്റെ മകൻ ജോസ് കെ. മാത്യു. കോൺസ്റ്റബിളായിരുന്ന പിതാവ് കൊല്ലപ്പെടുമ്പോൾ ജോസ് കെ. മാത്യുവിനെ അമ്മ ഒരു മാസം ഗർഭം ധരിച്ചിരിക്കുകയായിരുന്നു.
എന്നാൽ, ഒരു വൈരവുമില്ലാതെ എം.എം. ലോറൻസുമായും കുടുംബവുമായും ഊഷ്മളമായ ബന്ധമായിരുന്നു ആലപ്പുഴ സ്വദേശിയായ ജോസ് കെ. മാത്യു പുലർത്തിയിരുന്നത്. വടക്കൻ പറവൂർ കോട്ടയ്ക്കാവ് പള്ളി സെമിത്തേരിയിലാണ് ജോസ് കെ. മാത്യുവിന്റെ പിതാവിനെ സംസ്കരിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന ശിലാഫലകം നവീകരണത്തോട നുബന്ധിച്ച് നീക്കം ചെയ്തു.
ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിലെ രക്തസാക്ഷി എന്ന് ആലേഖനം ചെയ്തിരുന്ന ഈ ശിലാഫലകം പുനഃസ്ഥാപിക്കുന്നതിന് സഹായം ആവശ്യപ്പെട്ടാണ് ജോസ് കെ. മാത്യു എം.എം. ലോറൻസിനെ ബന്ധപ്പെടുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ അഡ്വ. എം.എൽ. സജീവനുമായും അടുത്തു. വീട്ടിലും പൊതുദർശനം നടന്ന ടൗൺഹാളിലും എത്തി അന്ത്യാഭിവാദ്യം അർപ്പിച്ചാണ് ജോസ് കെ. മാത്യു മടങ്ങിയത്.