ശ്രീനഗർ: ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശപഥമെടുത്തിരുന്ന നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുള്ള ഇക്കുറി രണ്ടുമണ്ഡലത്തിൽനിന്ന് ജനവിധി തേടും. രണ്ടാമത്തെ മണ്ഡലമായ ബഡ്ഗാമിൽ അദ്ദേഹം വ്യാഴാഴ്ച പത്രിക സമർപ്പിച്ചു. ഗന്ദർബലിൽനിന്ന് മത്സരിക്കാൻ കഴിഞ്ഞദിവസം പത്രിക നൽകിയിരുന്നു.
ഒമറിന്റെ മലക്കംമറിച്ചിൽ എതിരാളികളുടെ പരിഹാസത്തിനും രൂക്ഷവിമർശനത്തിനുമിടയാക്കി. പാർട്ടിയിൽ പൊട്ടലും ചീറ്റലും ഉയരുന്നുമുണ്ട്. ബഡ്ഗാമിൽനിന്ന് മത്സരിക്കാൻ കച്ചകെട്ടി നിൽക്കുകയായിരുന്ന മുതിർന്ന എൻ.സി. നേതാവും മുൻമന്ത്രിയുമായ ആഗ സയ്യിദ് മെഹമൂദ് എതിർപ്പ് പരസ്യമാക്കി. ബഡ്ഗാമിൽ ഒമറിനെ പിന്തുണയ്ക്കാനാവില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
“ഒമറിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിച്ചാലും എന്റെ അനുയായികൾ സമ്മതിച്ചില്ല. ഗണ്യമായ എന്റെ വോട്ടുബാങ്ക് പരിഗണിക്കാതെയാണ് ഒമർ തീരുമാനമെടുത്തത്. ഇത് ഏതുതരത്തിലുള്ള രാഷ്ട്രീയമാണെന്ന് അറിയില്ല.’’-മെഹമൂദ് പറഞ്ഞു.
ഷിയ സമുദായത്തിലെ ഒരുവിഭാഗത്തിൽ മെഹമൂദിന്റെ ആഗ കുടുംബത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ബഡ്ഗാമിൽ ഇത് ഒമറിന് വെല്ലുവിളി ഉയർത്തിയേക്കാമെന്ന് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാൽ, സഹപ്രവർത്തകർ പാർട്ടിയുടെ ശക്തി തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് രണ്ടുമണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഒമർ പ്രതികരിച്ചു. ഇത് തന്റെയോ പാർട്ടിയുടെയോ ദൗർബല്യമല്ലെന്നും വൻവിജയത്തോടെ അധികാരത്തിലെത്തുമെന്നും അവകാശപ്പെട്ടു.
ഒമർ ആദ്യം പത്രിക നൽകിയ ഗന്ദർബൽ മണ്ഡലം അബ്ദുള്ള കുടുംബത്തിന്റെ ശക്തികേന്ദ്രമാണ്. 1977-ൽ നാഷണൽ കോൺഫറൻസ് സ്ഥാപകൻ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള, 1983, 87, 96 വർഷങ്ങളിൽ മകൻ ഫാറൂഖ് അബ്ദുള്ള 2008-ൽ അദ്ദേഹത്തിന്റെ മകൻ ഒമർ അബ്ദുള്ള എന്നിവർ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
90 അംഗ ജമ്മു-കശ്മീർ നിയമസഭയിലേക്ക് ഇത്തവണ കോൺഗ്രസുമായി സഖ്യത്തിലാണ് നാഷണൽ കോൺഫറൻസ് മത്സരിക്കുന്നത്. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ മൂന്നുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന്.
അതിനിടെ ജമ്മു-കശ്മീർ ബി.ജെ.പി. അധ്യക്ഷൻ രവീന്ദർ റെയ്ന രജൗരി ജില്ലയിലെ നൗഷേര നിയമസഭാമണ്ഡലത്തിൽനിന്ന് വ്യാഴാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു.