ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പി.ടി ഉഷയെ പുറത്താക്കാൻ നീക്കം. ഉഷയ്ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ഒക്ടോബർ 25-ന് ചേരുന്ന ഐ.ഒ.എ യോഗത്തിൽ അവിശ്വാസ പ്രമേയം ചർച്ചചെയ്യും.
ഐ.ഒ.എ പ്രസിഡൻ്റിൻ്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാവും. എക്സിക്യൂട്ടീവ് കൗൺസിൽ തയ്യാറാക്കിയ 26 ഇന അജണ്ടയിൽ അവസാനത്തേതായാണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും പി.ടി ഉഷയ്ക്ക് എതിരാണെന്നാണ് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. പി.ടി ഉഷ അസോസിയേഷന്റെ ഭരണഘടന ലംഘിച്ചുവെന്നും ഏകപക്ഷീയമായി പെരുമാറുന്നു എന്നതുൾപ്പടെ ആരോപണമുണ്ട്. ജനുവരിയിൽ രഘുറാം അയ്യരെ സി.ഇ.ഒ ആയി നിയമിച്ചതിലും അംഗങ്ങൾക്ക് വിയോജിപ്പുണ്ട്.
പി.ടി ഉഷയും ട്രഷറർ സഹ്ദേവ് യാദവും തമ്മിൽ കുറച്ചുനാളുകളായി ഭിന്നതയുണ്ട്. റിലയൻസ് ഇൻഡസ്ട്രീസുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) ഒപ്പുവെച്ച സ്പോൺസർഷിപ്പ് കരാറിൽ ക്രമക്കേടുണ്ടെന്ന ട്രഷറർ സഹ്ദേവ് യാദവ് ആരോപിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ആരോപണങ്ങൾക്ക് മറുപടിയുമായി പി.ടി ഉഷ തന്നെയെത്തി. തന്നെ വ്യക്തിപരമായി താറടിക്കാനുള്ള ശ്രമത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഉഷ പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു.
2022-ലെ കരാർപ്രകാരം റിലയൻസ് രണ്ട് ഏഷ്യൻ ഗെയിംസ് (2022, 26), കോമൺവെൽത്ത് ഗെയിംസ് (2022, 26), ഒളിമ്പിക്സ് (2024, 28) എന്നിവയുടെ പ്രിൻസിപ്പൽ പാർട്ണറാവും. ഗെയിംസ് വേദികളിൽ ഇന്ത്യ ഹൗസ് നിർമിച്ചുനൽകുന്നത് റിലയൻസായിരിക്കും. അസോസിയേഷന് 24 കോടിയുടെ നഷ്ടമുണ്ടാക്കുന്നതാണ് കരാറെന്നാണ് യാദവിന്റെ ആരോപണം. എക്സിക്യുട്ടീവ് കൗൺസിലിന്റെ അറിവോടെയല്ല ധാരണയുണ്ടാക്കിയത്. കൂടാതെ രണ്ട് വിന്റർ ഒളിമ്പിക്സും (2026, 30) യൂത്ത് ഒളിമ്പിക്സും (2026, 30) പിന്നീട് കരാറിൽ ഉൾപ്പെടുത്തിയതായി സി.എ.ജി. റിപ്പോർട്ടിലുണ്ടെന്നും ഐ.ഒ.എ. ട്രഷറർ പറയുന്നു.
എന്നാൽ, എക്സിക്യുട്ടീവ് അംഗങ്ങൾക്കിടയിൽ ചർച്ചയ്ക്കായി കരാർവ്യവസ്ഥകൾ വിതരണം ചെയ്തിട്ടുണ്ടെന്നും നിയമോപദേശത്തിനു ശേഷമാണ് കരാർ ഭേദഗതി ചെയ്തതെന്നും ഉഷ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ ആദ്യ വനിത പ്രസിഡൻ്റാണ് പി.ടി ഉഷ.