തിരുനാവായ: വിരുന്നിനെത്തി, വില്ലനായി മാറുകയാണ് അധിനിവേശ സസ്യങ്ങള്‍. ആവാസവ്യവസ്ഥയെ തകിടം മറിച്ച് അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം തിരുനാവായയിലും പരിസരപ്രദേശങ്ങളിലും വ്യാപകമാകുന്നു. വളരെ വേഗത്തില്‍ വളരുന്നതും തദ്ദേശീയ സസ്യങ്ങളുമായി പ്രകാശം, ഈര്‍പ്പം, പോഷകവസ്തുക്കള്‍, സ്ഥലം തുടങ്ങിയവയ്ക്കായി മത്സരിക്കുന്നതുമായ സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങള്‍.
കളവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങള്‍ കൂടിയാണിവ. തിരുനാവായ എ.എം.എല്‍.പി. സ്കൂളില്‍ ശാസ്ത്രപഠന പ്രോജക്ടിന്റെ ഭാഗമായി നടന്ന സര്‍വേയിലാണ് പ്രദേശത്ത് അധിനിവേശ സസ്യങ്ങളുടെ എണ്ണത്തില്‍ വര്‍ധന വന്നതായി കണ്ടെത്തിയത്. അധിനിവേശ സസ്യങ്ങള്‍ കാരണം വീട്ടുവളപ്പുകളില്‍ കണ്ടിരുന്ന പല ഔഷധച്ചെടികളുടെ എണ്ണവും കുറഞ്ഞുവന്നിട്ടുണ്ട്.
പ്രദേശത്തെ ജലാശയങ്ങളില്‍ ആഫ്രിക്കന്‍ പായല്‍, കുളവാഴ പോലുള്ളവ പെരുകിയതായി കണ്ടെത്തി. വര്ണച്ചേമ്പുകള്, മഞ്ഞ പയര്‍, ചെറുചീര, ചോരച്ചീര, നാറ്റപ്പൂച്ചെടി, അമ്മിണിപ്പൂ, മുടിയന്‍പച്ച, മുള്ളന്ചീര, അടമ്പ്, കൊങ്ങിണി, കുളകരയാമ്പു, മഞ്ഞക്കോളാമ്പി വള്ളി, ആനത്തൊട്ടാവാടി, പൂച്ചവാലന്‍ പുല്ല്, അക്വോഷ്യ തുടങ്ങി അമ്പതോളം അധിനിവേശ സസ്യങ്ങളെ തിരുനാവായയിലും പരിസരത്തുമായി കണ്ടെത്തിയിട്ടുണ്ട്.
സ്കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സര്‍വേയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പതിപ്പും പഠന റിപ്പോര്‍ട്ടും പുറത്തിറക്കും. ഇവയെ കൃത്യമായ ഇടവേളകളില്‍ പിഴുതെറിഞ്ഞില്ലെങ്കില്‍ തനതു സസ്യങ്ങളുടെ വൈവിധ്യംതന്നെ ഇല്ലാതാകും. ആരോഗ്യപരമായി മനുഷ്യര്‍ക്ക് മാത്രമല്ല പക്ഷിമൃഗാദികള്‍ക്കും ഇവ വലിയ ദോഷം ചെയ്യുന്നു.
പരിസ്ഥിതിയെ സംരക്ഷിക്കണം – സല്മാന് കരിമ്പനക്കല്‍, അധ്യാപകന്, പരിസ്ഥിതി പ്രവര്ത്തകന്
ഒരേക്കറിനുള്ളില്‍ ഒരു അധിനിവേശ സസ്യത്തിന് ഇടം പിടിക്കാനായാല്‍ അധികം വൈകാതെ തന്നെ ആ പ്രദേശമാകെ കൈയടക്കി പൂര്‍ണമായും നശിപ്പിക്കും. അധിനിവേശ സസ്യങ്ങള്‍ കൊണ്ട് പ്രദേശത്ത് ജലത്തിന്റെ ഉപരിതലം പക്ഷികള്‍ക്ക് വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുകയില്ല. അതിനാല്‍ ഇവിടം വിശ്രമത്തിനായി ഉപേക്ഷിക്കും.
പ്രത്യുത്പാദനത്തിനും കൂടൊരുക്കാനുമാണ് തണ്ണീര്‍ത്തടങ്ങളെ ദേശാടനപ്പക്ഷികള്‍ സാധാരണയായി ആശ്രയിക്കുക. പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന അധിനിവേശ സസ്യങ്ങളെ നശിപ്പിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണം – അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സല്മാന് കരിമ്പനക്കല്‍ പറയുന്നു.