ഹൂസ്റ്റണ്‍: അമേരിക്കയിൽ നേപ്പാളി യുവതിയുടെ കൊലപാതകത്തിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 21-കാരിയായ നഴ്സിങ് വിദ്യാർഥി മുന പാണ്ഡെയെ വെടിവെച്ചു കൊന്ന കേസിൽ ബോബി സിങ് ഷാ (51) ആണ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. ഹൂസ്റ്റൺ കമ്യൂണിറ്റി കോളേജിലെ വിദ്യാർഥിയായിരുന്നു മുന പാണ്ഡെ.
യുവതി താമസിച്ചിരുന്ന അപാർട്ട്മെന്റിൽ ഓഗസ്റ്റ് 24-നായിരുന്നു സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ഇയാൾ അപാർട്ട്മെന്റിലേക്ക് കയറ്റുന്ന ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
രാത്രി 8.30-ഓടെയാണ് ഷാ മുന പാണ്ഡെയുടെ അപ്പാർട്മെന്റിലെത്തിയത്. വാതിൽ തുറക്കാൻ ഇയാൾ ആവശ്യപ്പെടുന്നതും നിങ്ങൾ എന്തുചെയ്യാൻ പോകുന്നുവെന്ന് യുവതി തിരിച്ചു ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മണിക്കൂറിന് ശേഷം ഇയാൾ യുവതിയുടെ പേഴ്സുമായി അപാർട്മെന്റിൽനിന്ന് ഇറങ്ങിപ്പോകുന്നതും കാണാം. തലയിൽ ഒരുതവണയും ശരീരത്തിൽ പലവട്ടവും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ഇരുവരും തമ്മിൽ മുൻപരിചയമുണ്ടോ എന്നതിൽ വ്യക്തതയില്ല.
അതേസമയം, ഷുഗർ ഡാഡി എന്ന ഡേറ്റിങ് വെബ്സൈറ്റ് വഴിയാണ് ഇയാൾ യുവതിയെ ലക്ഷ്യമിട്ടത് എന്നാണ് പോലീസ് സംശയിക്കുന്നത്. 12 വർഷം മുമ്പ് ഷായെ ഇതേ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട ഒരു സ്ത്രീ, അപാർട്ട്മെന്റിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിലുള്ളത് ഇയാൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിക്ക് അക്രമിയെ പരിചയമുണ്ടെന്നും സംഭവശേഷം യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നുമാണ് പോലീസ് കരുതുന്നത്.