ചെന്നൈ: ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. ആകാശ്ദീപ് രണ്ട് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 376 റണ്‍സിന് പുറത്തായിരുന്നു.
ഇന്നിങ്സിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ശദ്മാന്‍ ഇസ്ലാമിനെ ബംഗ്ലാദേശിന് നഷ്ടമായി. രണ്ട് റണ്ണെടുത്ത താരത്തെ ബുംറ ബൗള്‍ഡാക്കി. ടീം സ്കോര്‍ 22-ല്‍ നില്‍ക്കേ രണ്ട് വിക്കറ്റ് വീഴ്ത്തി ആകാശ്ദീപ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. സാക്കിര്‍ ഹസന്(3), മൊമിനുള്‍ ഹഖ്(0) എന്നിവരേയാണ് താരം പുറത്താക്കിയത്. നായകന് നജ്മുള്‍ ഷാന്റോയും(15) മുഷ്ഫിഖുര്‍ റഹിമുമാണ്(4) ക്രീസിലുള്ളത്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 റണ്‍സിന് പുറത്തായിരുന്നു.ആറ് വിക്കറ്റ് നഷ്ടത്തില്‍ 339-എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് 37 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.
ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് അഞ്ച് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. അശ്വിന് സെഞ്ചുറിയോടെ തിളങ്ങി.
രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ജഡേജയെ(86) നഷ്ടമായി. പിന്നാലെ ആകാശ് ദീപും അശ്വിനും മടങ്ങി. ആകാശ്ദീപ് 17 റണ്‍സെടുത്തു. അശ്വിന് 113 റണ്‍സെടുത്താണ് മടങ്ങിയത്. ജസ്പ്രീത് ബുംറ ഏഴ് റണ്‍സെടുത്തു. ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് അഞ്ച് വിക്കറ്റും.ടസ്കിന് അഹമ്മദ് മൂന്ന് വിക്കറ്റും വീഴ്ത്തി.
നേരത്തേ ആദ്യ ദിനം ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. 112 പന്തില്‍ 102 റണ്‍സുമായി അശ്വിനും 117 പന്തില്‍ 86 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍. 144-ല്‍ ആറ് എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്ന് തുടങ്ങിയ ഇരുവരും ടീം സ്കോര്‍ ആദ്യ ദിനം 339 -ലെത്തിച്ചു.
ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഒഴിച്ചാല്‍, മുന്‍നിര ബാറ്റര്‍മാര്‍ പരാജയമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ആറു റണ്‍സ് വീതമെടുത്ത് മടങ്ങിയപ്പോള്‍ ശുഭ്മാന്‍ ഗില്‍, സ്കോര്‍ ബോര്‍ഡില്‍ ഒന്നും ചേര്‍ത്തില്ല. 34 റണ്‍സിനിടെ മൂവരും പുറത്തായതോടെ ഇന്ത്യ വന്‍ അപകടം മണത്തു. ടീം സ്കോര്‍ 96-ല്‍ നില്‍ക്കേ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും പുറത്തായി.
41-ാം ഓവറില്‍ ടീം സ്കോര്‍ 144-ല്‍ നില്‍ക്കേ ജയ്സ്വാളും കെ.എല്‍. രാഹുലും മടങ്ങി. 118 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോര്‍ സഹിതം 56 റണ്‍സ് നേടിയ ജയ്സ്വാളിനെ നാഹിദ് റാണ ശദ്മാന്‍ ഇസ്ലാമിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 56 പന്തില്‍ 16 റണ്‍സെടുത്ത കെ.എല്‍. രാഹുല്‍, മെഹിദി ഹസന് മിറാസിന്റെ പന്തില്‍ സാകിര്‍ ഹസന് ക്യാച്ച് നല്‍കിയും മടങ്ങി.