ഗ്രേറ്റര്‍ നോയിഡ: അഫ്ഗാനിസ്താന് – ന്യൂസീഡന്‍ഡ് പരമ്പരയിലെ ഏക ടെസ്റ്റ് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചതോടെ നാണക്കേടിലായി ഇന്ത്യ. ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്പോര്‍ട്സ് കോംപ്ലക്സായിരുന്നു മത്സരത്തിന്റെ വേദി. അഞ്ചാം ദിനമായ വെള്ളിയാഴ്ചയും മഴയെ തുടര്‍ന്ന് ടോസ് നിര്‍ണയിക്കാന്‍ പോലും സാധിക്കാതെയാണ് മത്സരം ഉപേക്ഷിച്ചത്. 1933-ല്‍ ഒരു ടെസ്റ്റ് മത്സരത്തിന് വേദിയായ ശേഷം 91 വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ മണ്ണില്‍ പന്ത് പോലും എറിയാതെ ഒരു ടെസ്റ്റ് മത്സരം ഉപേക്ഷിക്കുന്നത് ഇതാദ്യമായാണ്.
ഏഷ്യയില്‍ ഇതിനു മുമ്പ് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത് ഒരു ടെസ്റ്റ് മത്സരം മാത്രമാണ്. 1998-ല്‍ ഫൈസലാബാദില്‍ പാകിസ്താനും സിംബാബ്വെയും തമ്മില്‍ നടന്ന മത്സരമായിരുന്നു അത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചത് വെറും ഏഴ് ടെസ്റ്റുകള്‍ മാത്രമാണ്.
വെള്ളിയാഴ്ച സ്റ്റേഡിയത്തിലെ സാഹചര്യം വിലയിരുത്തിയ അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം മത്സരം ഉപേക്ഷിച്ചത് ബിസിസിഐക്ക് നാണക്കേടായി. ഗ്രേറ്റര്‍ നോയിഡ ഇന്റസ്ട്രിയല്‍ ഡവലപ്മെന്റ് അതോറിറ്റിക്കാണ് ഗ്രൗണ്ടിന്റെ ചുമതലയുള്ളതെങ്കിലും വേദി അനുവദിച്ച ബിസിസിഐ സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ വേണ്ടവിധത്തില്‍ വിലയിരുത്തിയില്ലെന്ന വിമര്‍ശനം ശക്തമാണ്.
കനത്ത മഴയും സംഘാടനത്തിലെയും മറ്റും പ്രശ്നങ്ങളും ഗ്രൗണ്ടിലെ മോശം ഡ്രെയിനേജ് സംവിധാനവും പരിചയസമ്പന്നരല്ലാത്ത ഗ്രൗണ്ട് സ്റ്റാഫുമെല്ലാം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ആഭ്യന്തര സംഘര്‍ഷം കാരണം അഫ്ഗാനിസ്താനില്‍ കളിക്കാന്‍ ന്യൂസീലന്‍ഡ് ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നിഷ്പക്ഷ വേദിയെന്ന നിലയില്‍ മത്സരം ഇന്ത്യയിലാക്കിയത്. അഫ്ഗാന് ടീമിന് നേരത്തേ തന്നെ ഇന്ത്യ പരിശീലനത്തിനും മറ്റും സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്.
മത്സരത്തിനായി ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമോ കാണ്‍പുരിലെ ഗ്രീന്‍ പാര്‍ക്കോ തിരഞ്ഞെടുക്കാമെന്ന് ബിസിസിഐ അഫ്ഗാനെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഏറെ പരിചിതവും താരതമ്യേന ചെലവുകുറഞ്ഞതുമായ ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്പോര്‍ട്സ് കോംപ്ലക്സ് തിരഞ്ഞെടുത്തത് അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റും ദുലീപ് ട്രോഫി മത്സരവും ഈ വേദികളില്‍ നടക്കാനുള്ളതിനാലാണ് അഫ്ഗാന് – ന്യൂസീലന്‍ഡ് ടെസ്റ്റ് വേദി ഗ്രേറ്റര്‍ നോയിഡയിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ മഴയുണ്ടായിരുന്നു. ഡ്രെയിനേജ് സംവിധാനം മോശമായതോടെ ഗ്രൗണ്ട് മത്സരത്തിന് സജ്ജമാക്കാന്‍ സാധിക്കാതെ വന്നു. എന്നാല്‍ മഴമാറി നിന്ന രണ്ടാം ദിനവും ഗ്രൗണ്ട് മത്സര സജ്ജമാക്കാന്‍ സാധിക്കാതിരുന്നതോടെയാണ് വിമര്‍ശനങ്ങള്‍ വന്നത്. പിച്ചും ഔട്ട്ഫീല്‍ഡും മൂടിയിടാന്‍ മോശം കവറുകള്‍ ഉപയോഗിച്ചതുകാരണം പിച്ചിലേക്കും മറ്റും വെള്ളമിറങ്ങി. പരിചയസമ്പന്നരായ ഗ്രൗണ്ട് സ്റ്റാഫിന്റെ അഭാവവും തിരിച്ചടിയായി. സൂപ്പര്‍ സോപ്പര്‍ പോലുള്ള ആധുനിക സൗകര്യങ്ങളൊന്നും തന്നെ ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനുള്ള വേദിയില്‍ ഇല്ലായിരുന്നു. ഗ്രൗണ്ട് ഉണക്കാന്‍ പെഡസ്റ്റല്‍ ഫാന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് സ്റ്റാഫിന്റെ ചിത്രം നാണക്കേടായി. ഗ്രൗണ്ടില്‍ രൂപപ്പെട്ട വെള്ളക്കെട്ടിന്റെ ചെറിയ ഭാഗം പോലും ഒഴിവാക്കാന്‍ സ്റ്റാഫിന് സാധിച്ചില്ല. ഗ്രൗണ്ടിലെ ഈര്‍പ്പം മാറ്റാന്‍ യാതൊരു ആധുനിക സംവിധാനങ്ങളും ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്പോര്‍ട്സ് കോംപ്ലക്സില്‍ ഉണ്ടായിരുന്നില്ല.