ന്യൂഡൽഹി: രണ്ട് ആണവ അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കുന്നതിനും യു.എസിൽനിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുമുള്ള പ്രധാന കരാറുകൾക്ക് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നൽകി. 80,000 കോടി രൂപയുടേതാകും കരാർ. നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ വാങ്ങുന്നത്.
വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെന്ററിൽ രണ്ട് അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള കരാർ ഏകദേശം 45,000 കോടി രൂപയാകും. അമേരിക്കൻ ജനറൽ അറ്റോമിക്സിൽനിന്നാണ് 31 ഡ്രോൺ വാങ്ങുക. ഇതിനായി ഇന്ത്യയും യു.എസും കരാർ ഒപ്പുവെക്കും. ഒപ്പുവെച്ച് നാലുവർഷത്തിനുശേഷം ഡ്രോണുകളുടെ വിതരണം ആരംഭിക്കും.
31 എണ്ണത്തിൽ നാവികസേനയ്ക്ക് 15 എണ്ണം ലഭിക്കും. കരസേനയ്ക്കും ഇന്ത്യൻ വ്യോമസേനയ്ക്കും എട്ടുവീതവും. ഉത്തർപ്രദേശിൽ കര, വ്യോമ സേനകൾ ചേർന്ന് ഡ്രോണുകൾക്കായി ബേസ് സ്റ്റേഷൻ ഒരുക്കും. ജനറൽ അറ്റോമിക്സ് നിർമിച്ച അമേരിക്കൻ ആളില്ലാവിമാനമാണ് പ്രിഡേറ്റർ ഡ്രോൺ.