ഹൈദരാബാദ്: മദ്യം കലര്‍ത്തിയ ഐസ്ക്രീം വില്‍പ്പന നടത്തിയ ഐസ്ക്രീം പാര്‍ലര്‍ എക്സൈസ് പൂട്ടിച്ചു. ഹൈദരാബാദ് ജൂബിലിഹില്‍സിലെ റോഡ് നമ്പര്‍-1 ല്‍ പ്രവര്‍ത്തിക്കുന്ന ‘അരികോ കഫേ ആന്‍ഡ് ഐസ്ക്രീം പാര്‍ലര്‍’ ആണ് അധികൃതര്‍ അടപ്പിച്ചത്. ഇവിടെനിന്ന് മദ്യംകലര്ത്തിയ 11.5 കിലോ ഐസ്ക്രീമും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരായ ദയാകര്‍ റെഡ്ഡി, ശോഭന്‍ എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയായ ഗട്ടു ചന്ദ്രറെഡ്ഡി ഒളിവിലാണ്.
ഏതാനും മാസങ്ങളായി സ്ഥാപനത്തില്‍ മദ്യം കലര്‍ത്തിയ ഐസ്ക്രീം വില്‍പ്പന നടത്തിവരുന്നതായാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. ഒരുകിലോ ഐസ്ക്രീമില് 60 മില്ലി ലിറ്റര്‍ വിസ്കി കലര്‍ത്തിയായിരുന്നു പ്രത്യേകപേരില്‍ ഐസ്ക്രീം വിറ്റഴിച്ചിരുന്നത്. സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കുട്ടികളും കൗമാരക്കാരുമായിരുന്നു ഇതിന്റെ പ്രധാന ഉപയോക്താക്കള്‍.
മദ്യം കലര്‍ത്തിയ ഐസ്ക്രീമിനെക്കുറിച്ച് സ്ഥാപനം പ്രത്യേകം പരസ്യമൊന്നും ചെയ്തിരുന്നില്ല. എന്നാല്‍, ഇതിന്റെ രുചിയറിഞ്ഞവര്‍ ഐസ്ക്രീമിനെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവെച്ചു. ഇതോടെ ഐസ്ക്രീമിന് ആവശ്യക്കാരേറുകയും പാര്‍ലര്‍ തിരക്ക് വര്‍ധിക്കുകയുംചെയ്തു.
സാമൂഹികമാധ്യമങ്ങളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പാര്‍ലറില്‍ റെയ്ഡ് നടത്തിയത്. ആദ്യം ജൂബിലി ഹില്‍സ് റോഡ് നമ്പര്‍ അഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഐസ്ക്രീം നിര്‍മാണ യൂണിറ്റിലാണ് പരിശോധന നടത്തിയത്. പിന്നാലെ ഐസ്ക്രീം പാര്‍ലറില്‍നിന്ന് വില്‍ക്കാനായി തയ്യാറാക്കിയിരുന്ന 11.5 കിലോ ഐസ്ക്രീമും പിടിച്ചെടുത്തു.