നിന്നെ കണ്ടാൽ അറപ്പ് തോന്നും: വിദ്യാർത്ഥിയെ ജാതീയമായി അധിക്ഷേപിച്ച് അധ്യാപകർ
ആലപ്പുഴ: പട്ടികജാതി വിദ്യാർത്ഥിക്ക് നേരെ ജാതീയ അധിക്ഷേപവുമായി അധ്യാപകർ. ഇതിനെതിരെ പ്രതികരിച്ച വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി റിപ്പോർട്ട്. ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം.
സ്കൂളിലെ പൊതു പൈപ്പിൽ നിന്ന് വെള്ളം കുടിച്ചതിനാണ് കുട്ടിയെ അധ്യാപിക ജാതീയമായി അധിക്ഷേപിച്ചത്. നിന്നെയൊക്കെ കണ്ടാൽ അറപ്പ് തോന്നുമെന്നായിരുന്നു അധ്യാപികയുടെ പരാമർശം. ഇത് കണ്ട വിദ്യാർത്ഥിയുടെ ഇരട്ട സഹോദരൻ പ്രതികരിച്ചെങ്കിലും കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുകയാണ് ഉണ്ടായത്.
വിദ്യാർത്ഥിയുടെ പഠനം മുടങ്ങിയിട്ട് മൂന്ന് മാസമാകുന്നു എന്നാണ് റിപ്പോർട്ട്. പി.ടി.എ ഉറപ്പ് നൽകിയിട്ടും കുട്ടിയെ തിരിച്ചെടുത്തില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ഒരേ ഛായയുള്ള രണ്ട് പേര് ഒരു സ്കൂളിൽ പഠിക്കേണ്ട എന്ന വിചിത്ര വാദമാണ് പ്രിൻസിപ്പൽ പറയുന്നതെന്നാണ് കുട്ടിയുടെ മാതാവ് പറയുന്നത്.
താൻ ആദ്യദിനം മുതൽ ജാതീയമായി അധിക്ഷേപം നേരിടുന്നുണ്ടെന്ന് കുട്ടി പറഞ്ഞു. നീ കൊട്ടേഷന് വന്നതാണോ എന്നാണ് അദ്ധ്യാപിക ആദ്യ ദിനം തന്നോട് ചോദിച്ചതെന്നും കുട്ടി പറഞ്ഞു. മറ്റൊരു അദ്ധ്യാപിക കുട്ടികളിൽ നിന്ന് തന്നെ മാറ്റി നിർത്തിയിരുന്നെന്നും വിദ്യാർത്ഥി പറഞ്ഞു. കുട്ടി ടാപ്പിൽ നിന്ന് വെള്ളം കുടിക്കുന്നത് കണ്ട അധ്യാപിക ദേഷ്യപ്പെടുകയും നീ വായ വെച്ച് കുടിച്ച വെള്ളം മറ്റാരെങ്കിലും കുടിക്കുമോ, നിന്നെ കണ്ടാൽ അറപ്പ് തോന്നുമെന്നും പറയുകയായിരുന്നു.