കാക്കനാട്: ഹോസ്റ്റൽ നടത്തിപ്പുകാരിയും കെട്ടിട ഉടമയും തമ്മിലുള്ള വാടക തർക്കത്തെ തുടർന്ന് സ്വകാര്യ ഹോസ്റ്റലിനുള്ളിലെ താമസക്കാരെ ഹോസ്റ്റൽ നടത്തിപ്പുകാരി പൂട്ടിയിട്ടതായി പരാതി.
കാക്കനാട് ടി.വി. സെന്ററിനു സമീപമുള്ള ഹോസ്റ്റലിൽ ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് നടത്തിപ്പുകാരി പ്രധാന വാതിൽ താഴിട്ടുപൂട്ടിയത്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ ജീവനക്കാരായ മൂന്നുപേരാണ് ഈ സമയം ഹോസ്റ്റലിനുള്ളിൽ കുടുങ്ങിയത്. അയൽവാസികൾ കെട്ടിട ഉടമയെ വിവരമറിയിച്ചതിനെ തുടർന്ന് ഉടമ തൃക്കാക്കര പോലീസിൽ പരാതി നൽകി. മൂന്നു മണിയോടെ എത്തിയ പോലീസ് പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തിറക്കിയത്.
ഹോസ്റ്റൽ നടത്തിപ്പുകാരിയെ പലവട്ടം വിളിച്ച് വാതിൽ തുറക്കാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവർ എത്താൻ വൈകി. തുടർന്നാണ് പോലീസ് എത്തി ഹോസ്റ്റൽ മുറിയിൽ അകപ്പെട്ടവരെ രക്ഷിച്ചത്.
ഹോസ്റ്റൽ നടത്തിപ്പുകാരിയും കെട്ടിട ഉടമയും തമ്മിൽ കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് നടത്തിപ്പുകാരി ഹോസ്റ്റൽ പൂട്ടിയതെന്ന് കെട്ടിട ഉടമ പറഞ്ഞു. തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.