ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഭീതിവിതച്ച് നരഭോജി ചെന്നായകളുടെ ആക്രമണം തുടരുന്നു. ഞായറാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ മൂന്നു വയസ്സുകാരിക്കാണ് ജീവൻ നഷ്ടമായത്. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെന്നായ ആക്രമണത്തിൽ ഭീതിയിലായ 35 ഗ്രാമങ്ങളിൽ ഒന്നായ ടെപ്രയിലാണ് സംഭവം. ജൂലായ് 17 മുതൽ ഏഴ് കുട്ടികളേയും ഒരു സ്ത്രീയേയും ചെന്നായ്ക്കൂട്ടം കൊന്നുവെന്നാണ് കണക്ക്.
‘ഓപ്പറേഷൻ ഭീഡിയ’ എന്ന പേരിൽ ചെന്നായകളെ പിടികൂടാനുള്ള പ്രത്യേക ദൗത്യവും തുടരുകയാണ്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തിരച്ചിൽ. എന്നാൽ ചെന്നായക്കൾ തുടർച്ചയായി വാസസ്ഥലം മാറുന്നത് തിരച്ചിലിന് വലിയ വെല്ലുവിളിയാവുകയാണ്.
മനുഷ്യന്റെ സ്വാഭാവിക ഗന്ധം ലഭിക്കാനായി, കുട്ടികളുടെ മൂത്രത്തിൽ മുക്കിയ കളിപ്പാവകൾ ഉപയോഗിച്ച് ഇവയെ പിടികൂടാനുള്ള കെണികളും ഒരുക്കിയിട്ടുണ്ട്. നദീതീരങ്ങളിലും ചെന്നായകൾ ഉണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം പാവകൾ സ്ഥാപിച്ചിരിക്കുന്നത്.
ബഹ്റൈച്ച് ജില്ലയിൽ മാസങ്ങളായി തുടരുന്ന ആക്രമണത്തിൽ ഇതുവരെ നിരവധിപേർക്കാണ് പരിക്കേറ്റത്. ആറ് ചെന്നായകളിൽ നാലെണ്ണത്തെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് ചെന്നായകളാണ് ഭീതിപരത്തുന്നത്.