സരിന്റെ പരസ്യപ്രസ്താവനയില്‍ പൊട്ടിത്തെറിയുടെ പ്രശ്നമേയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന് രംഗത്തുവന്നതിനെതിരേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. കാരണം പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ കോണ്‍ഗ്രസുകാരെല്ലാം ഒരുമിച്ച് നില്ക്കും. യു.ഡി.എഫ് ആ കൂട്ടത്തില്‍ കൂടുകയും ചെയ്യുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
സ്വാഭാവികമായും അഭിപ്രായങ്ങള്‍ വ്യത്യസ്തമായി വന്നിട്ടുണ്ടാകാം. അതൊരു ഗൗരവതരമായിട്ടുള്ള കാര്യമല്ല. ഇലക്ഷന് കമ്മിറ്റി തീരുമാനിച്ചു. ഇലക്ഷന് കമ്മിറ്റിയുടെ തീരുമാനം ഡല്‍ഹിയില്‍ അപ്രൂവ് ചെയ്തു. ഇനി മുന്നോട്ട്പോവുക എന്നുള്ളതാണ്. സ്ഥാനാര്‍ഥിയെ തീരുമാനിച്ച് കഴിഞ്ഞാല്‍ പിറകോട്ട് ഒരു കാലും വെയ്ക്കാന്‍ കഴിയില്ല. പക്ഷേ അതിനോടൊപ്പം എല്ലാ ആളുകളും ഒരുമിച്ച് നില്‍ക്കണം. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.
കേരളത്തില്‍ പീഡനം അനുഭവിക്കാത്ത ഒരാള്‍ പോലുമില്ല. ജനാധിപത്യ വിശ്വാസികള്‍ കേസില്‍ കുടുങ്ങിയിട്ടുണ്ട്. അവര്‍ക്ക് എതിരേ ക്രൂരമര്ദ്ദനങ്ങളുണ്ടായിട്ടുണ്ട്. അവരെ അപമാനിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇതെല്ലാം സ്റ്റേറ്റ് സ്പോണ്‍സേഡ് ടെററിസമായി ഈ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ അതിനെ എതിര്‍ക്കാനുള്ള ശക്തികളുടെ മുഴുവന്‍ ഏകീകരണമാണുണ്ടാകേണ്ടത്. അതിനകത്ത് വിഭിന്നമായി അഭിപ്രായങ്ങള്‍ പറഞ്ഞ് ഇതുവരെ കേരളത്തെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ച് കൊണ്ടിരുന്ന ആളുകള്‍ക്ക് ഒരു സ്പേസ് ഉണ്ടാക്കികൊടുക്കാന്‍ ശ്രമിക്കില്ലെന്നാണ് എന്റെ വിശ്വാസം.
‘ഇതൊരു ജനാധിപത്യ പാര്‍ട്ടിയല്ലേ. അതുകൊണ്ട് ഇതിനകത്ത് ഓരോ അഭിപ്രായങ്ങള്‍ ആരെങ്കിലും പറയും. പക്ഷേ ഫൈനല്‍ അഭിപ്രായം ആരുടേതാണെന്നാണ് ചോദ്യം. ഫൈനല്‍ വിസില്‍ മുഴങ്ങിയാല്‍ അതിനപ്പുറത്തേക്ക് ആരും പോകില്ല. പുതുപ്പള്ളിയിലും അതു കണ്ടല്ലോ. കേരളത്തില്‍ എല്ലാ സ്ഥലത്തും അത് കാണുന്നുണ്ടല്ലോ. ആ ഫൈനല്‍ വിസില്‍ ഇവിടെ മുഴങ്ങിയിരിക്കുകയാണ്. ഈ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി കൂടി മത്സരിക്കുന്ന ഒരു സംസ്ഥാനത്ത് സ്വാഭാവികമായി യോജിച്ച് നില്‍ക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. അത് കടമയാണ്. ജനാധിപത്യ സംരക്ഷണത്തിന് ആവശ്യമാണ്. ആ നിലയില്‍ തന്നെ പോകുമെന്നാണ് എന്റെ വിശ്വാസം’, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
നടപടി എന്ന് പറയുന്നത് അവസാനത്തെ കാര്യമല്ലേ. അതിന് മുമ്പ് ഒരു നടപടി പിശകില്ലാതെ പോകുന്നതിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇത് ഉപതിരഞ്ഞെടുപ്പാണ്. കേരളത്തില്‍ നല്ല ഭൂരിപക്ഷം പാര്‍ലമെന്റ് ഇലക്ഷനില്‍ നേടിയിട്ടുള്ള ഒരു മുന്നണിയാണ്. ആ മുന്നണി സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്ന കാര്യമായതുകൊണ്ട് പ്രാധാന്യം കുറച്ചുകൂടി കൂടുകയാണ്. ആ പ്രാധാന്യത്തോടെ ഇത് കണ്ടാല്‍ മാത്രമേ സാധ്യമാകൂ. സ്വാഭാവികമായിട്ടും വേണ്ട വിധത്തില്‍ കമ്മ്യൂണിക്കേഷന്‍ ഉണ്ടായിട്ടില്ലെങ്കില്‍ അവരും ഇത് കൃത്യമായി ഓര്‍ത്തിരിക്കണം.
സരിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും തിരുവഞ്ചൂര്‍ പ്രതികരിച്ചു. ഒരു പാര്‍ട്ടിക്കകത്ത് ലാത്തി ചാര്‍ജ് നടത്തുന്നതല്ലലോ നമ്മുടെ പ്രധാന പണി. ഏകോപിപ്പിക്കാന്‍ വേണ്ടി പരമാവധി നോക്കുക. ഒരു രക്ഷയുമില്ല, ഇത് കളത്തിന് പുറത്തോട്ടോണെങ്കില് പിന്നെ നമ്മള് കയറിട്ട് പിടിച്ചിട്ടും കാര്യമില്ല. കൃത്യമായ അളവിലും തൂക്കത്തിലും ഈ കാര്യങ്ങള്‍ കാണുമെന്നും തിരവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.