ഛണ്ഡീഗഢ്: ഹരിയാണ ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഓരോ വോട്ടും അനുകൂലമാക്കാന്‍ പാര്‍ട്ടികളും നേതാക്കളും അവസാനഘട്ട ശ്രമത്തിലാണ്. ഇതിനിടെ ചില നാടകീയ നീക്കങ്ങള്‍ക്കും ഹരിയാണ സാക്ഷ്യം വഹിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ഉച്ചവരെ ബി.ജെ.പി.ക്ക് വേണ്ടി റാലി നടത്തിയിരുന്ന പ്രമുഖ നേതാവായ അശോക് തന്‍വാറിനെ ഉച്ചയ്ക്ക് ശേഷം കണ്ടത് രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് വേദിയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് അശോക് തന്‍വാര്‍ നല്വ സീറ്റില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ച് എക്സില്‍ പോസ്റ്റിട്ടിട്ടുണ്ട്. നയാബ് സിങ് സൈനിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലേറുമെന്നും എക്സില്‍ കുറിച്ച് അദ്ദേഹം നേരെ ചെന്നത് കോണ്‍ഗ്രസില്‍ ചേരാനാണ്.
രാഹുല്‍ ഗാന്ധിയുടെ റാലിക്കിടെ മഹേന്ദ്രഗഢ് ജില്ലയില്‍വെച്ചാണ് അശോക് തന്‍വാറിന്റെ ‘വീട്ടിലേക്കുള്ള മടക്കം’ പ്രഖ്യാപിച്ചത്. സമ്മേളനത്തില്‍ തന്റെ പ്രസംഗം അവസാനിച്ചയുടന്‍ രാഹുല്‍തന്നെയാണ് തന്‍വാര്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രവര്‍ത്തകരെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹം നാടകീയമായി സ്റ്റേജിലേക്ക് കയറി വരികയും രാഹുല്‍ അടക്കമുള്ള നേതാക്കളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള അശോക് തന്‍വാറിന്റെ കൂടുമാറ്റം ഇതാദ്യമല്ല. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തിരുന്ന അദ്ദേഹം അഞ്ചുവര്‍ഷത്തിനിടെ അഞ്ചു തവണ കൂടുമാറ്റം നടത്തിയിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2019-ലാണ് തന്‍വാര്‍ പാര്‍ട്ടി വിട്ടത്. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ച തന്‍വാര്‍ 2022-ല്‍ എ.എ.പി.യില്‍ ചേര്‍ന്നിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബി.ജെ.പി.യിലെത്തിയ അദ്ദേഹം, സിര്‍സ മണ്ഡലത്തില്‍നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ കുമാരി സെല്‍ജയോട് തോറ്റു. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ തന്‍വാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
ശനിയാഴ്ചയാണ് ഹരിയാണയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.