ജയ്പുർ: രാജസ്ഥാനിലെ ടോങ്കിൽ അഞ്ചാംതരം വിദ്യാർഥികൾക്ക് ഫോണിൽ അശ്ലീല വീഡിയോ കാണിച്ചതിനും മോശമായി പെരുമാറിയതിനും സർക്കാർ സ്കൂൾ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഝിലാൽ ബ്ലോക്കിലെ ഗോപാൽപുര വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂൾ അധ്യാപകനായ ലായിഖ് അഹമ്മദ് ഖുറേഷിയാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് ലായിഖിനെതിരായ കേസെടുക്കുന്നത്. ഇയാളുടെ ക്ലാസിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്. സെപ്റ്റംബർ പത്താംതീയതി ലായിഖ് ക്ലാസിൽവെച്ച് മൊബൈൽ ഫോണിൽ വിദ്യാർഥികൾക്ക് അശ്ലീലവീഡിയോ കാണിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്ന് നിവായി പോലീസ് അറിയിച്ചു.
ഞായറാഴ്ചയാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.