തിരുവനന്തപുരം : ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരായ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് പോലീസ് മേധാവി ശുപാർശ നൽകി ഒന്നരയാഴ്ചയ്ക്കുശേഷം. പി.വി. അൻവറിന്റെ പരാതിക്കു പിന്നാലെ, വിജിലൻസ് അന്വേഷണസാധ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സഹേബ് ആഭ്യന്തരവകുപ്പിന് ശുപാർശ നൽകിയത്.
പി.വി. അൻവർ കഴിഞ്ഞമാസം 23-ന് എം.ആർ. അജിത്കുമാർ, എസ്.പി. സുജിത്ദാസ് ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെപേരിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അതിനുപിന്നാലെ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കുനേരേ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു.
തനിക്കെതിരേ ആരോപണങ്ങൾ വന്നതോടെ അജിത്കുമാർ ഈ മാസം ഒന്നിന് മുഖ്യമന്ത്രിക്ക് വിശദീകരണകത്ത് നൽകി. ഈ മാസം മൂന്നിന് പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യക സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവുമിറങ്ങി. അജിത് കുമാറിനെ മാറ്റിനിർത്തണമെന്ന് പോലീസ് മേധാവി ശുപാർശചെയ്തെങ്കിലും അതിനുവഴങ്ങാതെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
പോലീസ് മേധാവി അന്വേഷണം ആരംഭിച്ചതിനുപിന്നാലെ തൃശ്ശൂർ ഡി.ഐ.ജി. തോംസൺ ജോസ് പി.വി. അൻവറിൽനിന്ന് മൊഴിയെടുത്തിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന്റ സാധ്യത ചൂണ്ടിക്കാട്ടി ഈ മാസം ഒൻപതിന് പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് ശുപാർശ നൽകിയത്.
ഈ ശുപാർശയ്ക്കുശേഷമാണ് എം.ആർ. അജിത് കുമാറിൽനിന്ന് പോലീസ് മേധാവി മൊഴിയെടുത്തത്. പോലീസ് മേധാവിയുടെ ശുപാർശവന്നിട്ട് രണ്ടാഴ്ചവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഒരു തീരുമാനവുമുണ്ടായില്ല. വീണ്ടും ഇടതുമുന്നണിയിലെ ഘടകകക്ഷികൾ രംഗത്തുവന്നതോടെയാണ് 10 ദിവസത്തിനുശേഷം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
ഒരുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചാണ് പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചത്. ഒക്ടോബർ രണ്ടിന് കാലാവധി തീരും. നാലിന് നിയമസഭ ആരംഭിക്കാനിരിക്കെ അതിനുമുൻപുതന്നെ പോലീസ് മേധാവി റിപ്പോർട്ട് നൽകിയേക്കുമെന്നാണ് സൂചന. പോലീസ് മേധാവിയുടെ അന്തിമറിപ്പോർട്ടിനുശേഷം മാത്രമാകും നടപടി ആലോചിക്കുക. നിയമസഭ ആരംഭിക്കുംമുൻപ് ഒരു ഇടക്കാല റിപ്പോർട്ട് മാത്രം നൽകാനുള്ള സാധ്യതയും ഉദ്യോഗസ്ഥർ തള്ളുന്നില്ല.