കാലാവധി കഴിഞ്ഞ പഴയ വാഹനങ്ങള്‍ പൊളിച്ച് പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ഉത്സവകാലത്ത് 1.5 ശതമാനം മുതല്‍ മൂന്നു ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് വാഹന നിര്‍മാതാക്കള്‍. പഴയ വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന് നീക്കാനുള്ള ‘സ്ക്രാപ്പേജ് പദ്ധതി’യെക്കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സിയാമിന്റെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കാര്‍ നിര്‍മാതാക്കളും വാണിജ്യ വാഹന നിര്‍മാതാക്കളും വിലക്കിഴിവിന് സമ്മതം അറിയിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന് നീക്കം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, കിയ മോട്ടോഴ്സ്, ടൊയോട്ട കിര്ലോസ്കര്, ഹോണ്ട കാര്‍സ്, ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോഴ്സ്, റെനോ ഇന്ത്യ, നിസ്സാന്‍ ഇന്ത്യ, സ്കോഡ ഫോക്സ്വാഗന് എന്നീ കാര്‍ നിര്‍മാതാക്കള്‍ 1.50 ശതമാനമോ 20,000 രൂപയോ ഏതാണോ കുറവ് അതായിരിക്കും വിലക്കിഴിവായി നല്‍കുക. മെഴ്സിഡസ് ബെന്‍സ് 25,000 രൂപയാണ് ഇളവ് നല്‍കുക.
കഴിഞ്ഞ ആറു മാസത്തിനിടെ പഴയ വാഹനം പൊളിച്ച് സ്ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. എക്സ്ചേഞ്ചിന് ഇളവുണ്ടാകില്ല. പൊളിച്ച വാഹനത്തിന്റെ വിവരങ്ങള്‍ വാഹന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വാണിജ്യ വാഹനങ്ങളില്‍ ടാറ്റാ മോട്ടോഴ്സ്, വോള്‍വോ ഐഷര്‍, അശോക് ലെയ്ലാന്‍ഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോഴ്സ് മോട്ടോഴ്സ്, ഇസുസു, എസ്.എം.എല്‍. ഇസുസു എന്നീ കമ്പനികള്‍ മൂന്നു ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബസുകള്‍, വാനുകള്‍ എന്നിവയ്ക്കും ഇളവ് ബാധകമായിരിക്കും.