കോഴിക്കോട്: കെ.എസ്.ആര്.ടി.സി. ബസ്സില്‍ അക്രമം നടത്തിയ മദ്യപസംഘം പിടിയില്‍. കോഴിക്കോട് കെ.എസ്.ആര്.ടി.സി. ബസ് ടെര്‍മിനലിലാണ് സംഭവം. മദ്യപിച്ചെത്തിയ നാലുപേര്‍ മധുരയ്ക്കുള്ള ബസ്സിന്റെ കണ്ടക്ടറെ മര്‍ദിക്കുകയായിരുന്നു. ബസ് ഇരിട്ടിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം എന്നാണ് പരാതി. അക്രമികളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട് വഴി മധുരയ്ക്ക് പോകുന്ന ബസ്സിലാണ് അക്രമമുണ്ടായത്. മലബാറില്‍ നിന്ന് ഈ റൂട്ടില്‍ ഓടുന്ന ഏക ബസ്സാണ് ഇത്.
മദ്യപിച്ചെത്തി ഈ ബസ്സില്‍ കയറിയ നാല് യുവാക്കള്‍ കണ്ടക്ടറോട് ബസ് ഇരിട്ടിയിലേക്ക് വിടാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇത് ഇരിട്ടിയിലേക്കുള്ള ബസ്സല്ലെന്നും മധുരയ്ക്കുള്ളതാണെന്നും കണ്ടക്ടര്‍ പറഞ്ഞെങ്കിലും സംഘം അത് ചെവിക്കൊണ്ടില്ല.
തുടര്‍ന്ന് കണ്ടക്ടറും യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കമാകുകയും അത് മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. കണ്ടക്ടറെ മദ്യപസംഘം മര്‍ദിക്കുന്നത് കണ്ട് ഡ്രൈവറും സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ക്കും യുവാക്കളുടെ മര്‍ദനമേറ്റു.
അല്‍പ്പനേരത്തെ സംഘര്‍ഷത്തിന് ശേഷമാണ് കെ.എസ്.ആര്.ടി.സി. ബസ് ടെര്‍മിനലിലുണ്ടായിരുന്ന നാട്ടുകാര്‍ ഇതില്‍ ഇടപെട്ടത്. പ്രശ്നമുണ്ടാക്കിയ യുവാക്കളെ നാട്ടുകാര്‍ പിടിച്ചുവെക്കുകയും പിന്നീട് നടക്കാവ് പോലീസിന് കൈമാറുകയുമായിരുന്നു. മര്‍ദനമേറ്റ കണ്ടക്ടറും ഡ്രൈവറും നടക്കാവ് പോലീസില്‍ പരാതി നല്കി. കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.