ദിസ്പുർ: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെക്കുറിച്ചുള്ള രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവിൻ്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. വംശീയ പരാമർശമാണ് തേജസ്വി യാദവ് നടത്തിയതെന്നും മുഖ്യമന്ത്രിയെ അപമാനിക്കുന്നത് മാത്രമല്ല, വടക്കുകിഴക്കൻ ഇന്ത്യയിലെയും അസമിലെയും ജനങ്ങളെ അനാദരിക്കുന്നതുമാണ് പരാമർശമെന്നും അദ്ദേഹം പറഞ്ഞു. തേജസ്വി യാദവ് മാപ്പ് പറയണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
അസം അസംബ്ലിയിൽ നമസ്കാരത്തിനുള്ള രണ്ടുമണിക്കൂർ ഇടവേള എടുത്തുകളയാനുള്ള തീരുമാനത്തിനെതിരെ ശബ്ദമുയർത്തിയ തേജസ്വി യാദവ്, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ “യോഗിയുടെ ചൈനീസ് പതിപ്പ്” എന്ന് വിശേഷിപ്പിച്ചിരുന്നു. യോഗി ബുൾഡോസർ ഉപയോഗിക്കുന്നു, ഹിമന്ത ബിശ്വ ശർമ്മ നമസ്കാരം നിർത്തലാക്കുന്നു. രാജ്യം എല്ലാവരുടെതുമാണ്. സമാധാനമാണ് വേണ്ടത്, എന്നാൽ ബിജെപി വിദ്വേഷം പരത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
അസം മുഖ്യമന്ത്രി മുസ്ലിങ്ങളെ ദ്രോഹിക്കുന്ന പ്രവൃത്തികൾ മനഃപൂർവം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും താത്പര്യം ലഭിക്കുന്നതിനായി വിദ്വേഷം പരത്തുന്നതിനും സമൂഹത്തെ ധ്രുവീകരിക്കുന്നതിനും ബി.ജെ.പി. മുസ്ലിം സഹോദരങ്ങളെ ലക്ഷ്യം വച്ചിരിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.
സമയക്കുറവ് മൂലം വെള്ളിയാഴ്ചകളിൽ ചർച്ചനടത്തുന്നത് ബുദ്ധിമുട്ടായതിനാലാണ് തീരുമാനമെന്നായിരുന്നു സർക്കാർ നിലപാട്. ഭേദഗതിചെയ്ത ചട്ടമനുസരിച്ച്, വെള്ളിയാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 9.30-ന് അസം നിയമസഭാ നടപടികൾ ആരംഭിക്കും. സമൂഹത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ള കൊളോണിയൽ ആചാരം ഇല്ലാതാക്കാനാണ് ഭേദഗതി വരുത്തിയതെന്നും ഉത്തരവിൽ പറയുന്നു.