ആറ്റിങ്ങൽ:റിട്ട.ജില്ലാ ജഡ്ജി കൊട്ടിയോട് കൃഷ്ണസൂര്യയിൽ ജി.രാജപ്പൻ ആചാരി(84) അന്തരിച്ചു. 1986-ൽ എറണാകുളം ജില്ലാ കോടതി അഡീഷണൽ ജഡ്ജിയായാണ് ന്യായാധിപജീവിതം തുടങ്ങിയത്. കൊല്ലം, പാലക്കാട് ജില്ലാ കോടതികളിൽ ന്യായാധിപനായിരുന്നു. പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിയായി 2000-ൽ വിരമിച്ചു. ദേവസ്വം ബോർഡ്, കെ.എസ്.ഇ.ബി. എന്നിവയിൽ ലാ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1996-ൽ പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപ്പടയുടെ പ്രവർത്തകർ ബന്ദിയാക്കിയപ്പോൾ മധ്യസ്ഥനായി. തുമ്പ വെടിവെപ്പ് കേസിന്റെ അന്വേഷണ കമ്മിഷനായും പ്രവർത്തിച്ചു.
ആറ്റിങ്ങൽ കോടതിയിൽ അഭിഭാഷകനായി നിയമജീവിതം തുടങ്ങിയ ജി.രാജപ്പൻ ആചാരി, ഒൻപത് വർഷം എ.പി.പി.യായും സേവനമനുഷ്ഠിച്ചു. രണ്ടു തവണ ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റായി. ഏഴു വർഷം ആറ്റിങ്ങൽ നഗരസഭയുടെ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ആറ്റിങ്ങലിൽ അഭിഭാഷകനായിരിക്കേ, കോൺഗ്രസ് രാഷ്ട്രീയത്തിലും സജീവമായിരുന്നു. കെ.പി.സി.സി. അംഗം, കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: എസ്.ലീലാഭായി മക്കൾ: രാജലക്ഷ്മി, അഡ്വ. രാജശ്രീ(പാലക്കാട് ജില്ലാ കോടതി), രാജഗോപാൽ(ഡിജിറ്റൽ െറക്കോഡിങ് സ്റ്റുഡിയോ ആറ്റിങ്ങൽ). മരുമക്കൾ: പ്രൊഫ. എസ്.എസ്.രാജ്കിഷൻ(ഡെപ്യൂട്ടി ഡയറക്ടർ, ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ്, പാലക്കാട്), ഡിംപിൾ രാജഗോപാൽ.
കേരളചരിത്രത്തിൽ കോളിളക്കമുണ്ടാക്കിയ ഒരു പോരാട്ടകഥയിലെ ‘ന്യായാധിപനാ’യിരുന്നു അന്തരിച്ച മുൻ ജില്ലാ ജഡ്ജി ജി.രാജപ്പൻ ആചാരി. ധിഷണാശേഷിയും അത്യധ്വാനവും കൈമുതലാക്കി, ജീവിതക്ലേശങ്ങളോടു പൊരുതി ന്യായാധിപപദവിയിലെത്തിയ രാജപ്പൻ ആചാരിയുടെ ജീവിതത്തിലെ ഈ സംഭവം പിന്നീട് ചലച്ചിത്രത്തിനും കഥയായി.1996-ൽ രാജപ്പൻ ആചാരി പാലക്കാട് ജില്ലാ ജഡ്ജിയായിരിക്കുമ്പോൾ, അന്നവിടെ കളക്ടറായിരുന്ന ഡബ്ല്യു.ആർ.റെഡ്ഡിയെ അയ്യങ്കാളിപ്പടയുടെ പ്രവർത്തകർ ബന്ദിയാക്കി. വിവാദമായ ആദിവാസി ഭൂമി ഭേദഗതി ബില്ല് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കാഞ്ഞങ്ങാട് രമേശൻ, മണ്ണൂര് അജയൻ, കല്ലറ ബാബു, വിളയോടി ശിവൻകുട്ടി എന്നിവർ ചേർന്ന് കളക്ടറെ ബന്ദിയാക്കിയത്. രാജപ്പൻ ആചാരി സ്ഥലത്തെത്തി ഉറപ്പുനൽകിയാലേ പിന്മാറൂവെന്നായി അവർ. കളക്ടറേറ്റിലെത്തിയ രാജപ്പനാചാരി, കളക്ടറുടെ മോചനം ഉറപ്പാക്കി.
ഈ സംഭവം കമാൽ കെ.എം. രചനയും സംവിധാനവും നിർവഹിച്ച് 2022 മാർച്ചിൽ പുറത്തിറങ്ങിയ ‘പട’ എന്ന ചലച്ചിത്രത്തിനു വിഷയമായി. ജീവിതത്തിൽ രാജപ്പനാചാരി ചെയ്ത വേഷം, സിനിമയിൽ തങ്കപ്പൻ ആചാരി എന്ന പേരിൽ സലിം കുമാറാണ് അവതരിപ്പിച്ചത്. കളക്ടറെ ബന്ദിയാക്കിയ സംഭവത്തിൽ സ്വീകരിച്ച നിലപാട്, ഔദ്യോഗികജീവിതത്തിൽ രാജപ്പൻ ആചാരിക്ക് തിരിച്ചടികൾ സമ്മാനിച്ചു. പിന്നീട് ഹൈക്കോടതി ജഡ്ജിമാരുടെ പട്ടികയിൽ ഇടംപിടിച്ചെങ്കിലും നിയമനം ലഭിക്കാതെപോയി.
ആറ്റിങ്ങൽ കൊട്ടിയോട് മുരുക്കറ വീട്ടിൽ സി.ഗോപാലൻ ആചാരിയുടെയും ലക്ഷ്മി അമ്മാളുടെയും മകനായ രാജപ്പൻ ആചാരി, 1964-ൽ ആറ്റിങ്ങൽ കോടതിയിലാണ് അഭിഭാഷകജീവിതം തുടങ്ങിയത്. ചുരുങ്ങിയ കാലത്തിനിടയിൽ മികച്ച അഭിഭാഷകനെന്ന പേരുനേടി.
അഭിഭാഷകനായിരിക്കേ, 1986-ൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ എറണാകുളം ജില്ലാ ജഡ്ജിയായി നിയമിതനായി. ആർ.ശങ്കറുമായി പരിചയപ്പെടാനിടയായതോടെ കോൺഗ്രസ് രാഷ്ട്രീയത്തിലും സജീവമായി. തന്റെ വക്കീേലാഫീസ് യൂത്ത് കോൺഗ്രസിന്റെ ഓഫീസായിട്ടുകൂടി പ്രവർത്തിപ്പിക്കാൻ അദ്ദേഹം തയ്യാറായി. വക്കീേലാഫീസിനു മുന്നിലെ പാർട്ടി ഓഫീസ് ബോർഡ് ആറ്റിങ്ങലിൽ അക്കാലത്തെ കൗതുകമായിരുന്നു.
വയലാർ രവി ചിറയിൻകീഴ് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥിയായപ്പോൾ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കൺവീനറായിരുന്നു. ആറ്റിങ്ങലിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നതിനിടെ, 2006-ൽ പക്ഷാഘാതം പിടിപെട്ടു. ഞായറാഴ്ച രാത്രി 11-ന് അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് 4.30-ന് ആറ്റിങ്ങൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.