കൊച്ചി: കൗമാരകാലത്ത് പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് സെറ്റ്പീസില്‍ വിദഗ്ധനാകാന്‍ തീവ്രപരിശീലനം നടത്തുമ്പോള്‍ അതിനൊപ്പം വിയര്‍പ്പൊഴുക്കിയ ആളാണ് ഫ്രെഡറികോ മൊറൈസ്. പോര്‍ച്ചുഗലിലും ഫ്രാന്‍സിലും സ്പെയിനിലുമായി ബ്രൂണോ ഉള്‍പ്പെടെ ഒട്ടേറെ യൂറോപ്യന്‍ താരങ്ങള്‍ക്ക് സെറ്റ് പീസില്‍ കോച്ചിങ് നല്കിയ ഫ്രെഡറികോ ഇപ്പോള്‍ മഞ്ഞക്കുപ്പായത്തിലാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസ് കോച്ചായി ഫ്രെഡറികോ കേരളത്തിലെത്തുമ്പോള്‍ അയാള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ഐ.എസ്.എലില്‍ ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെറ്റ് പീസ് തന്ത്രങ്ങളെപ്പറ്റി ഫ്രെഡറികോ ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു.
+സ്റ്റാറെയുടെ ‘സെറ്റി’ടല്‍
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് സെറ്റ് പീസില്‍നിന്ന് ചില ഗോളുകള്‍ നേടിയിരുന്നു. അതുപോലെ എതിരാളിയുടെ സെറ്റ്പീസ് ഗോള്‍ വഴങ്ങുകയും ചെയ്തു. ലഭിച്ച സെറ്റ്പീസുകളും അത് ഗോളാക്കി മാറ്റിയ കണക്കും പരിശോധിച്ചാല്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയ ശതമാനം വളരെ താഴെയാണ്. ബോക്സിന് തൊട്ടുവെളിയിലുള്ള സെറ്റ്പീസ് പരിവര്‍ത്തനത്തിന്റെ വിജയ ശതമാനം 25 ആയാല്‍ ആ ടീമിന്റെ വിജയസാധ്യതയും കൂടും എന്ന തിരിച്ചറിവിലാണ് പുതിയ കോച്ച് മിക്കേല്‍ സ്റ്റാറെയുടെ ആസൂത്രണം.
+സ്റ്റാറെയും നോര്‍വേയും
പോര്‍ച്ചുഗലിലെ ബോയാവിസ്റ്റ എഫ്.സി. യുടെ ഹെഡ് കോച്ചായിരുന്നപ്പോഴാണ് ഞാന്‍ ഫ്രഞ്ച് ലീഗില്‍ എ.എസ്. മൊണാക്കോയുടെ പരിശീലക സംഘത്തിലെത്തിയത്. ഫ്രഞ്ച് ലീഗിലെ അനുഭവങ്ങളും അതുകഴിഞ്ഞ് ഇംഗ്ലീഷ് ലീഗില്‍ ലെയ്ട്ടണ്‍ ഓറിയന്റിലെ പരിശീലനവും എന്റെ കരിയറില്‍ നിര്‍ണായകമായി. ഇംഗ്ലണ്ടില്‍നിന്ന് നോര്‍വീജിയന്‍ ക്ലബ്ബായ സാപ്സ്ബോര്ഗില് എത്തുമ്പോള്‍ മിക്കേല്‍ സ്റ്റാറേ അവിടെയുണ്ട്. അവിടെ ഒന്നിച്ചുപ്രവര്‍ത്തിച്ച അനുഭവമാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിലുമെത്തിയത്.
+ലൂണയും നോഹയും
അഡ്രിയാന്‍ ലൂണയുടെ സെറ്റ്പീസ് വൈദഗ്ധ്യം ബ്ലാസ്റ്റേഴ്സിന് എത്ര പ്രയോജനപ്പെട്ടെന്ന് കഴിഞ്ഞ സീസണുകളില്‍ കണ്ടു. ഇത്തവണ ലൂണയ്ക്കൊപ്പം മൊറോക്കോ താരം നോഹ സദൗയിയും സെറ്റ്പീസില്‍ അപാരമായ പ്രാവീണ്യമുള്ളയാളാണെന്നത് ബ്ലാസ്റ്റേഴ്സിന്റെ ഗോള്വഴികളില് നിര്‍ണായകമാകും. ഇവര്‍ക്കൊപ്പം പ്രതിരോധ താരങ്ങളായ ഫ്രാന്‍സിന്റെ അലക്സാണ്ടര്‍ കോയെഫും സെര്‍ബിയയുടെ മിലോസ് ഡ്രിന്‍സിച്ചും അടക്കമുള്ളവര്ക്കുകൂടി സെറ്റ്പീസില്‍ കൂടുതല്‍ പരിശീലനം നല്‍കുന്നുണ്ട്.
+ബാഴ്സയുടെ മിഡ്ഫീല്‍ഡ്
കോച്ച് എന്ന നിലയിലും ഫുട്ബോള്‍ ആരാധകന് എന്ന നിലയിലും എന്നെ ഏറെ ഭ്രമിപ്പിച്ചിട്ടുള്ളത് ബാഴ്സലോണയുടെ മിഡ്ഫീല്‍ഡാണ്. സാവിയും ഇനിയേസ്റ്റയും ബുസ്കെറ്റ്സും ഒരുമിച്ച് കളിച്ച ആ കാലഘട്ടം ഗംഭീരമായിരുന്നു.
സെറ്റ്പീസ് ലഭിക്കുമ്പോള്‍ അവരില്‍ ആരാകും അതെടുക്കുകയെന്നത് ആകാംക്ഷയുണര്‍ത്തിയ കാലം. സെറ്റ്പീസ് കോച്ച് എന്ന നിലയില്‍ എനിക്ക് അവരുടെ കളി വലിയ പാഠമായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരും അവര്‍തന്നെയാണ്.
+കേരളം മനോഹരം
കേരളത്തിലേക്കുള്ള വരവ് സന്തോഷകരമായിരുന്നു. കൊല്‍ക്കത്തയില്‍ ഡ്യൂറന്‍ഡ് കപ്പ് കളിച്ചപ്പോള്‍ ആ നഗരത്തിന്റെ തിരക്ക് ശ്വാസംമുട്ടിച്ചിരുന്നു. കേരളത്തിന്റെ പച്ചപ്പിലേക്ക് വന്നപ്പോള്‍ ഇന്ത്യയെക്കുറിച്ചുള്ള എന്റെ ധാരണ മാറി. ഇവിടത്തെ ശുദ്ധവായു ശ്വസിച്ചുള്ള പരിശീലനവും സെറ്റ്പീസ് എടുക്കലും വളരെ സുരക്ഷിതമായ സാഹചര്യമൊരുക്കി.