റായ്പുർ: ചിട്ടിയുടെ പേരിൽ മുതൽ ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുവരെ നമ്മൾക്ക് അറിവുണ്ട്. എന്നാൽ അതിനെല്ലാം മേലേ നിൽക്കുന്നതായിരുന്നു ഛത്തീസ്ഗഢിലെ റായ്പുരിൽ നടന്ന തട്ടിപ്പ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ).യുടെ വ്യാജശാഖ തുറന്നായിരുന്നു ലക്ഷങ്ങളുടെ ലക്ഷങ്ങളുടെ തട്ടിപ്പ്. ശക്തി ജില്ലയിലെ ഛപ്പോര ഗ്രാമത്തിലാണ് സംഭവം. തുറന്ന് പത്തുദിവസം മാത്രമാണ് പ്രവർത്തിച്ചതെങ്കിലും യഥാർഥ എസ്.ബി.ഐ. ശാഖകളിൽ ഉള്ളതുപോലുള്ള ബാങ്കിന്റെ മുദ്രയുള്ള പേപ്പറുകളും കൗണ്ടറുകളുമെല്ലാം ഈ വ്യാജബാങ്കിൽ ഉണ്ടായിരുന്നു.
പ്രദേശവാസിയായ അജയ് കുമാർ അഗർവാളിന്റെ സംശയമാണ് വ്യാജനെ തിരിച്ചറിയാൻ സഹായിച്ചത്. ഇദ്ദേഹം ജില്ലയിലെ മറ്റൊരു എസ്.ബി.ഐ. ശാഖയിൽ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ, തന്റെ ഗ്രാമത്തിൽ പൊടുന്നനെ മറ്റൊരു ശാഖ പ്രവർത്തനം ആരംഭിച്ചതിൽ സംശയംതോന്നി. ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 27-ന് പോലീസും മറ്റ് എസ്.ബി.ഐ. ഉദ്യോഗസ്ഥരും ചേർന്ന് പുതിയ ശാഖ പരിശോധിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പ് നടത്തിയ നാലുപേരെ തിരിച്ചറിഞ്ഞു. ഗ്രാമത്തിലുള്ള നിരവധി പേരാണ് പുതിയ അക്കൗണ്ടുകൾ തുറന്ന് പണമിടപാടുകൾ നടത്തിയതും തട്ടിപ്പിനിരയായതും.
പലതരം തട്ടിപ്പുകൾ നടക്കുന്ന കാലമാണെങ്കിലും അതിപ്രശസ്തമായ ഒരു ബാങ്കിന്റെ ശാഖ വ്യാജമായുണ്ടാക്കി ഇങ്ങനെയൊരു തട്ടിപ്പ് എങ്ങനെ നടത്തി എന്ന ചോദ്യമാണ് കേട്ടവരെല്ലാം ഉയർത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 18-നാണ് ഛപ്പോരയിൽ ‘ബാങ്ക് ശാഖ’ പ്രവർത്തനമാരംഭിച്ചത്. പ്രദേശത്തെ ഒരു വാണിജ്യ കെട്ടിടസമുച്ചയത്തിലാണ് ബാങ്ക് പ്രവർത്തിച്ചുവന്നിരുന്നത്. തൊട്ടുതലേദിവസംവരെ ഇല്ലാതിരുന്ന ബാങ്ക് പൊടുന്നനെ എങ്ങനെ വന്നുവെന്ന് ആളുകൾ അദ്ഭുതപ്പെട്ടു. ഇക്കാര്യം പ്രാദേശിക പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സെർവർ സംവിധാനവും ചില ബാങ്കിങ് സംവിധാനങ്ങളും ഒരുക്കാനുണ്ടെന്നും അതിനുശേഷം മാത്രമേ പൂർണതോതിൽ പ്രവർത്തനം തുടങ്ങൂ എന്നുമാണ് അന്വേഷിച്ച് ചെന്നവർക്ക് ലഭിച്ച മറുപടി.
മാസം 7000 രൂപ വാടകയ്ക്കെടുത്തിരുന്ന കെട്ടിടത്തിലായിരുന്നു പ്രവർത്തനം. മാനേജർ, മാർക്കറ്റിങ് ഓഫീസർ, കാഷ്യർ, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നിങ്ങനെയുള്ള തസ്തികകളിൽ ജീവനക്കാരെ നിയമിച്ചു. 30,000 രൂപവരെയായിരുന്നു ശമ്പളവാഗ്ദാനം. ഇവർക്കെല്ലാം ബാങ്കിന്റെ മുദ്രയുള്ള ഒറിജിനൽപോലെ തോന്നിക്കുന്ന നിയമനക്കത്തും നൽകി. ജോലിക്കായി രണ്ടുമുതൽ ആറുലക്ഷം രൂപവരെ ഓരോരുത്തരിൽനിന്ന് വാങ്ങിയെന്നും പരാതിയുണ്ട്. യഥാർത്ഥ എസ്.ബി.ഐ ബാങ്ക് അധികൃതർ പോലീസിനേയും കൂട്ടി വന്നപ്പോഴാണ് കാഷ്യറായി നിയമിക്കപ്പെട്ട ധ്രുവേ എന്ന ചെറുപ്പക്കാരന് താൻ ജോലിചെയ്തത് വ്യാജ ബാങ്കിലായിരുന്നെന്നും തട്ടിപ്പിനിരയായെന്നും മനസിലായത്. 5.80 ലക്ഷം രൂപ അങ്ങോട്ടുകൊടുത്തിട്ടാണ് തനിക്ക് ഇവിടെ ജോലി ലഭിച്ചതെന്ന് ഇദ്ദേഹം പോലീസിനോട് പറഞ്ഞിട്ടുണ്ട്. ബാങ്ക് ജോലിയുമായി ബന്ധപ്പെട്ട യാതൊരുവിധ പരിശീലനവും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നും ചെറുപ്പക്കാരൻ പറഞ്ഞു.
കോർബ, ബലോഡ്, കബീർധാം, ശക്തി എന്നിവയുൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ള തൊഴിൽരഹിതരായ വ്യക്തികളായിരുന്നു തട്ടിപ്പുകാരുടെ പ്രാഥമിക ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ബാങ്ക് ബ്രാഞ്ചിൽനിന്നുള്ള കമ്പ്യൂട്ടറുകളും മറ്റ് സാധനസാമഗ്രികളും ഛത്തീസ്ഗഢ് പോലീസ് പിടിച്ചെടുത്തു. വ്യാജബാങ്കിലെ മാനേജർ എന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം എന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളുൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എത്രപേർ ഈ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും തട്ടിപ്പുകാർ എത്രരൂപവീതം ഇവരിൽനിന്ന് വാങ്ങിയിട്ടുണ്ടെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.